News
'ശാന്തിയുടെ സന്ദേശ വാഹകന്' സ്വാഗതമാശംസിച്ച് ഷെയിഖ് നഹ്യാന്‍ ബിന്‍
സ്വന്തം ലേഖകന്‍ 01-02-2019 - Friday
അബുദാബി: ഫ്രാന്‍സിസ് പാപ്പയെ ഒരിക്കല്‍ കൂടി യുഎഇയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സഹിഷ്ണുത മന്ത്രി ഷെയിഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം വഴിയാണ് ഷെയിഖ് നഹ്യാന്‍ പാപ്പായെ സ്വാഗതം ആശംസിച്ചത്. “ഫ്രാന്‍സിസ് പാപ്പ സഹിഷ്ണുതയുടെ മൂല്യം പഠിച്ചിട്ടുള്ള ഒരു രാജ്യം സന്ദര്‍ശിക്കുവാന്‍ പോകുകയാണ്. ഞങ്ങള്‍ എമിറേറ്റ്സുകാര്‍ ലോകത്തെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു”. യുഎഇയെ സംബന്ധിച്ചിടത്തോളം പാപ്പയുടെ സന്ദര്‍ശനം ഒരു ബഹുമതി തന്നെയാണെന്ന് ഷെയിഖ് നഹ്യാന്റെ സന്ദേശത്തില്‍ പറയുന്നു.
സഹിഷ്ണുത വളർത്തുന്നതിൽ യുഎഇയുടെ പ്രയത്നങ്ങൾക്ക് മാർപാപ്പയുടെ സന്ദർശനം ഇരട്ട പ്രചോദനമാകുമെന്നും വത്തിക്കാനും, യുഎഇയും ബഹുസ്വരതയെ പുണരുകയും, ആഗോള സമൂഹത്തിലെ വിവിധ ജനതകളുടെ പ്രത്യേക കഴിവുകളെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി സന്ദേശത്തില്‍ വിവരിച്ചു. കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട ഒരു ലേഖനത്തില്‍ ആഗോള സമാധാനത്തിന്റെ സന്ദേശ വാഹകനും, മഹത്തായ ഒരു മതത്തിന്റെ പ്രതിനിധിയുമായ ഫ്രാന്‍സിസ് പാപ്പായെ ഒരു സുഹൃത്തെന്ന നിലയില്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിന്നു.