News - 2025
കേന്ദ്രം നിസംഗത വെടിയുമോ? ലോകം പാപ്പയെ കാത്തിരിക്കുമ്പോള്‍ ഇന്ത്യ മാത്രം മാറിനില്‍ക്കുന്നു
സ്വന്തം ലേഖകന്‍ 03-02-2019 - Sunday
അബുദാബി/ ന്യൂഡല്‍ഹി: പൊതു അവധി പ്രഖ്യാപിച്ചും മാര്‍പാപ്പയെ കാണാന്‍ സൌജന്യ യാത്രാ സൌകര്യമൊരുക്കിയും ഇസ്ലാമിക രാഷ്ട്രമായ യുഎഇ ഫ്രാന്‍സിസ് പാപ്പയ്ക്കു ഊഷ്മള സ്വീകരണം ഒരുക്കുമ്പോള്‍ ഇന്ത്യയുടെ നിശബ്ദ നിലപാട് ആശങ്കയിലാഴ്ത്തുന്നതായാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലേക്കുള്ള പാപ്പായുടെ വരവ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നത് ആശ്ചര്യജനകമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ മുസ്ലിം ലോകം പോലും വലിയ ആദരവോടെ സ്വീകരിക്കുന്ന മാര്‍പാപ്പയോട് മതേതര രാജ്യമായ ഇന്ത്യ പുറംതിരിഞ്ഞു നില്ക്കുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്കു അപമാനമാണെന്ന് മുഹമ്മദ് അബ്ദുള്‍ സക്കീര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ അടക്കമുള്ള ഇതര രാഷ്ട്രങ്ങള്‍ മാതൃക ആകേണ്ടതാണ് ഫ്രാന്‍സിസ് പാപ്പ മാര്‍പാപ്പയ്ക്ക് യുഎഇ നല്കുന്ന രാജകീയ വരവേല്‍പ്പെന്നു ജര്‍മ്മനിക്കാരനായ പീറ്റര്‍ ആന്‍ഡ്രിയാസ് അഭിപ്രായപ്പെട്ടു. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു പലതവണ വ്യക്തമാക്കിയിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ വിലങ്ങു തടയിടുകയായിരിന്നു.
2017 ല്‍ ഇന്ത്യയില്‍ എത്തുമെന്ന് അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കു മാര്‍പാപ്പയെ ശരിയായ രീതിയില്‍ വരവേല്‍ക്കാന്‍ പറ്റിയ തീയതിയും സമയവും കണ്ടെത്താനുള്ള പ്രയാസം ആണെന്നായിരുന്നു നയതന്ത്ര തലത്തിലെ ഇന്ത്യയുടെ തൊടുന്യായം. ക്രൈസ്തവ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ മോദിക്ക് നല്‍കിയ സമ്മര്‍ദ്ധമാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം നീളുന്നതിന് പിന്നിലെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. പാപ്പയുടെ ഭാരത സന്ദര്‍ശനം സംജാതമാക്കുവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.