News
സമാധാനത്തിന്റെ സന്ദേശവുമായി പാപ്പ ഇന്ന് യുഎഇയിലെത്തും
സ്വന്തം ലേഖകന്‍ 03-02-2019 - Sunday
അബുദാബി: നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ആ ദിനമെത്തി. ചരിത്രത്തില്‍ ആദ്യമായി അറേബ്യന്‍ നാട് സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോട് കൂടി സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ഇന്ന് അറേബ്യന്‍ മണ്ണില്‍ കാല് കുത്തും. പാപ്പയെ വരവേല്‍ക്കാന്‍ വഴികളില്‍ സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പൽ പതാകയും നിറഞ്ഞുകഴിഞ്ഞു. ഇന്നു രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്കു വന്‍ വരവേൽപ് നൽകാനാണ് യുഎഇ ഭരണകൂടത്തിന്റെയും അറേബ്യന്‍ വികാരിയാത്തിന്റെയും തീരുമാനം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം നല്‍കും.
തുടര്‍ന്നു കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച. വൈകുന്നേരം 5 മണിക്ക് അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച നടത്തും. വൈകുന്നേരം 6 മണിക്ക് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ സന്ദേശം നല്‍കും. ചൊവ്വാഴ്ച രാവിലെ രാവിലെ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം നടത്തുന്ന പാപ്പ രോഗികളും അബലരുമായ നൂറോളം പേരുമായി സംസാരിക്കും.
10.30നാണ് അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സഈദ് സ്പോർട്സ് സിറ്റിയിൽ അര്‍പ്പിക്കുക.പരിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. മലയാളം അടക്കം അഞ്ചു ഭാഷകളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥന ഉയരും. ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം പേരാണ് ബലിയില്‍ പങ്കെടുക്കുക.
സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ എന്നിവരും പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കാളികളാകും. അന്നേ ദിവസം ഉച്ചയ്ക്ക് റോമിലേക്കു മടങ്ങുന്ന പാപ്പ വൈകുന്നേരം അഞ്ചോട് കൂടി റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.