News - 2025
ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ സമാധാന റാലിയുമായി ക്രൈസ്തവരും ഇസ്ലാം മതസ്ഥരും
സ്വന്തം ലേഖകന്‍ 17-02-2019 - Sunday
ഇസ്ലാമബാദ്: സമാധാന സന്ദേശമുയര്‍ത്തി ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ക്രൈസ്തവ -മുസ്ലിം വിശ്വാസികൾ മതേതര റാലി സംഘടിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനവും സൗഹൃദവും എന്ന ആശയത്തോടെ നടത്തിയ റാലിയിൽ മുസ്ലിം മതനേതാക്കന്മാരും പാക്കിസ്ഥാനിലെ കത്തോലിക്ക നേതൃത്വവും സംബന്ധിച്ചു. പാക്കിസ്ഥാൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ മതേതര സംഭാഷണം എക്യുമെനിസം എന്നിവയ്ക്കായുള്ള ദേശീയ കമ്മീഷനാണ് റാലിക്കു നേതൃത്വം നല്‍കിയത്. 'സമാധാനത്തിനായി ഒരുമയോടെ ' എന്ന പേരിൽ ഫെബ്രുവരി പതിനൊന്നിന് സംഘടിപ്പിച്ച റാലി ഇന്ത്യ - പാക്ക് അതിർത്തിയിലെ കസുർ മുതൽ ഗാണ്ട സിങ്ങ് വരെയാണ് നടന്നത്.
ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ റാലി നയിച്ചു. ഫ്രാൻസിസ് പാപ്പയുടെ സാഹോദര്യത്തിന്റെ ആഹ്വാനവും സമാധാനത്തിന്റെ ആവശ്യവും മനസ്സിലാക്കി സമാധാനവും സഹവർത്തിത്വവും ഐക്യവും വഴി രാജ്യത്തെ മികവുറ്റതാക്കണമെന്നും ഇന്ത്യ- പാക്ക് ബന്ധം പ്രോത്സാഹിപ്പിക്കാൻ ജനങ്ങൾ സന്നദ്ധരാണെന്നും ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ പറഞ്ഞു. സമാധാനത്തിന്റെ ദൂതരാകാനും അതുവഴി വിവിധ മതസ്ഥരും പൗരന്മാരും തമ്മിൽ സൗഹാർദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറാണെന്ന് മാർച്ചിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.
ലാഹോർ സേക്രഡ് ഹാർട്ട് കത്തോലിക്ക കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകൾക്ക് ശേഷം വിവിധ മതനേതാക്കൾ ചേർന്ന് സമാധാനത്തിന്റെ അടയാളമായി ഒലിവുമരവു നട്ടുപിടിപ്പിച്ചതു ശ്രദ്ധേയമായി. എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും ഈജിപ്തിലെ സുൽത്താൻ അൽ കമിലും നടത്തിയ കൂടിക്കാഴ്ചയുടെ അനുസ്മരണവും മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലവും കണക്കിലെടുത്താണ് പരിപാടി നടത്തിയതെന്ന് എക്യുമെനിക്കല്‍ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും മിഷ്ണറി വൈദികനുമായ ഫാ.ഫ്രാൻസിസ് നദീം പറഞ്ഞു.