News - 2025
"ജീവനുവേണ്ടി പോരാടും": ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്നത് തടയാന്‍ കെന്റകിയും
സ്വന്തം ലേഖകന്‍ 18-03-2019 - Monday
കെന്റകി: ജനിക്കുവാനിരിക്കുന്ന ശിശുവിന്റെ ലിംഗം, ഡൗണ്‍ സിന്‍ഡ്രോം അടക്കമുള്ള രോഗങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഗര്‍ഭഛിദ്രം വിലക്കിക്കൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയും. 'ഹൗസ് ബില്‍ 5' എന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ള ബില്‍ സ്റ്റേറ്റ് സെനറ്റ് പാസാക്കി. പ്രോലൈഫ് നിലപാടുള്ള ഗവര്‍ണര്‍ മാറ്റ് ബെവിന്‍ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ബില്ലില്‍ ഒപ്പ് വെക്കുമെന്ന് പ്രോലൈഫ് അനുകൂലിയായ ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് സൂചിപ്പിച്ചിരിക്കുന്നത്. “കൊണ്ടു വരിക, കെന്റകി എപ്പോഴും ജീവനുവേണ്ടി പോരാടും” എന്നാണ് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തു അബോര്‍ഷന്‍ അനുകൂലികള്‍ രംഗത്ത് വന്നിട്ടുണ്ട്. ബില്ലില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU) പ്രസ്താവിച്ചിരിക്കുന്നത്. കെന്റകിക്ക് പുറമേ ഇന്ത്യാനയും വൈകല്യത്തോട് കൂടി ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയിരിന്നു.
ഡൗണ്‍ സിന്‍ഡ്രോമിന്റെ പേരില്‍ ശിശുക്കളെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത് നിരോധിക്കുന്ന കാര്യം അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളുടേയും പരിഗണനയിലാണ്. നിരവധി രാജ്യങ്ങളില്‍ ഭിന്നശേഷിക്ക് സാധ്യതയുള്ള ശിശുക്കളില്‍ ഭൂരിഭാഗവും കൊല ചെയ്യപ്പെടുകയാണ്. ഐസ്ലാന്‍ഡില്‍ 100%വും, ഡെന്‍മാര്‍ക്കില്‍ 98%വും, ഫ്രാന്‍സില്‍ 77%വും, അമേരിക്കയില്‍ ഏതാണ്ട് 67%വും ഭിന്നശേഷിയുണ്ടെന്ന് വ്യക്തമായ ശിശുക്കള്‍ കൊല ചെയ്യപ്പെടുകയാണെന്ന് സമീപകാലത്ത് സിബിഎസ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു.