News
കാനഡയിൽ വിശുദ്ധ കുർബാന മധ്യേ വൈദികന് കുത്തേറ്റു
സ്വന്തം ലേഖകൻ 23-03-2019 - Saturday
ടൊറന്റോ: കാനഡയിലെ മോൺട്രിയലിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേട്ടറിയിൽ വിശുദ്ധ കുർബാന മധ്യേ വൈദികന് കുത്തേറ്റു. ഫാ. ക്‌ലൗഡെ ഗ്രോ എന്ന വൈദികനാണ് കുത്തേറ്റത്. വലിയ കത്തിയുമായി ദേവാലയത്തിൽ എത്തിയ അജ്ഞാതൻ വൈദികനെ കുത്തി പരിക്കേൽപ്പിക്കുകയായിരിന്നു.
സെൽ ലൂമിയറേ എന്ന മാധ്യമത്തിൽ തിരുക്കർമ്മങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേ തുടർന്ന് ആക്രമണ ദൃശ്യങ്ങളും ലൈവായി ആളുകളിലേക്ക് എത്തി. എന്നാൽ മാധ്യമത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ പ്രസ്തുത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
രാവിലെ എട്ടു നാൽപ്പതിന്, കോട്ടിട്ട ഒരാൾ കത്തിയും കൈയിലേന്തി അൾത്താരയുടെ മുന്നിലേക്ക് നീങ്ങുന്നതും, വൈദികന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുന്നതും വീഡിയോ ദൃശ്യത്തിൽ കാണാം. അക്രമി ഒരു മെഴുകുതിരിയിൽ തട്ടിയ സമയത്ത് വൈദികൻ ഓടിരക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇത് തടഞ്ഞ അക്രമി ഉടനെ വൈദികനെ താഴേക്കെറിഞ്ഞതിനുശേഷം വൈദികനെ കത്തിയെടുത്ത് കുത്തി. പിന്നാലെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തിൽ എത്തിയ മൂന്ന് വിശ്വാസികൾ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ദേവാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പോലീസ് എത്തുന്നതു വരെ അക്രമിയെ ദേവാലയത്തിൽ തടഞ്ഞുവച്ചു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി അക്രമിയെ കൊണ്ടുപോയി. വൈദികന്റെ പരിക്ക് സാരമുള്ളതല്ല. പത്തുവർഷം മുമ്പ് ഇതേ ദേവാലയത്തിൽ വച്ച് ഒരാൾ തോക്കുമായി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ദേവാലയത്തിലെ പുരോഹിതൻ പോലീസ് എത്തുന്നതുവരെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു നിർത്തി. പിന്നീട് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.