News - 2024

ജീവത്യാഗം ചെയ്ത ഏഴു മെത്രാന്മാരുടെ രക്തസാക്ഷിത്വത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍ 21-03-2019 - Thursday

വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിലിട്ട് കൊലപ്പെടുത്തിയ ഏഴു ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരുടെ രക്തസാക്ഷിത്വത്തിന് അംഗീകാരം. വലേരിയു ട്രയാന്‍ ഫ്രെന്റ്യു, വാസിലെ അഫ്റ്റെനി, ഇയോവാന്‍ സൂസ്യു, ടിറ്റോ ലിവിയോ ചിനേസു, ഇയോവാന്‍ ബാലന്‍, അലെക്സാണ്ട്രു റൂസു, ഇയുലിയു ഹോസ്സു എന്നീ റൊമാനിയന്‍ മെത്രാന്മാരെയാണ് പാപ്പ രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. 1953-ല്‍ ബര്‍മയില്‍ കൊലചെയ്യപ്പെട്ട ഇറ്റാലിയന്‍ പുരോഹിതനായ ആല്‍ഫ്രെഡോ ക്രെമോണേസിയുടെ രക്തസാക്ഷിത്വവും പാപ്പ അംഗീകരിച്ചു.

1950-നും 70നും ഇടയില്‍ സോവിയറ്റ് അധിനിവേശത്തില്‍ നിക്കോളാ സ്യൂസെസ്കുവിന്റെ ഭരണകാലത്താണ് ഏഴു റൊമാനിയന്‍ മെത്രാന്‍മാരും കൊലചെയ്യപ്പെടുന്നത്. അതികഠിനമായ തടവറ ജീവിതം നയിക്കേണ്ടി വന്ന അവര്‍ ഏകാന്തതയും, തണുപ്പും, വിശപ്പും, രോഗവും, കഠിനമായ ജോലികളും കാരണം കാരാഗ്രഹ വാസത്തിനിടയില്‍വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ ഒന്നും കൂടാതെയാണ് ഇവരെ അടക്കം ചെയ്തത്.

മരണത്തിനു ഒരു വര്‍ഷം മുന്‍പ് പെക്റ്റോറിലെ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട ഇയുലിയു ഹോസ്സു മെത്രാന്‍ 1970-ല്‍ ബുച്ചാറെസ്റ്റിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. “എന്റെ പോരാട്ടം അവസാനിച്ചു, നിന്റേത് തുടരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. വാസിലെ അഫ്റ്റെനി മെത്രാന് കാന്ത തടവിനു പുറമേ ക്രൂരമായ പീഡനവും ഏല്‍ക്കേണ്ടി വന്നിരുന്നു. 1950 മെയ് 10-നാണ് അദ്ദേഹം മരണപ്പെട്ടത്. വിശുദ്ധീകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്ചുവുമായി മാര്‍ച്ച് 19-ന് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ ഏഴ് മെത്രാന്‍മാരുടേയും രക്തസാക്ഷിത്വം സംബന്ധിച്ച പ്രമാണരേഖക്കു പാപ്പ അംഗീകാരം നല്‍കിയത്.

ഇവര്‍ക്ക് പുറമേ, മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ്‌ ഹോളി സാക്രമെന്റ്റ് ആന്‍ഡ്‌ ബ്ലസ്ഡ് ഇമ്മാക്കുലേറ്റ് വിര്‍ജിന്‍ മേരി സന്യാസിനി സഭയുടെ സ്ഥാപകയായ മരിയ എമിലിയ റിക്വല്‍മെ സയാസിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം അംഗീകരിച്ച ഫ്രാന്‍സിസ് പാപ്പ ഫ്രാന്‍സെസ്കോ മരിയ ഡി ഫ്രാന്‍സിയ, മരിയ ഹ്യൂബര്‍, മരിയ തെരേസ കാമേര, മരിയ തെരേസ ഗബ്രിയേലി, ജിയോവന്ന ഫ്രാന്‍സെസ്കാ എന്നിവരുടെ ധന്യ പദവിക്കും അംഗീകാരം നല്‍കി.

More Archives >>

Page 1 of 429