News - 2025
ആഫ്രിക്കന്‍ ക്രൈസ്തവ കൂട്ടക്കൊല: മാധ്യമങ്ങളുടെ മൗനത്തെ വിമർശിച്ച് ബ്രിട്ടീഷ് എംപി
സ്വന്തം ലേഖകന്‍ 20-03-2019 - Wednesday
ലണ്ടന്‍: ആഫ്രിക്കയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ കണ്ടില്ലെന്ന് നടിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് എംപി. നൈജീരിയയിലെ കടുണ എന്ന സംസ്ഥാനത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരായ 120 പേരെ കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ലേബര്‍ എംപി കാറ്റി ഹോയിയാണ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യമായ നൈജീരിയായില്‍ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു, ഇത് മുഖ്യധാര മാധ്യമങ്ങള്‍ കാണുന്നുണ്ടോയെന്നു കാറ്റി ഹോയി ട്വിറ്ററില്‍ കുറിച്ചു.
ന്യൂസിലൻഡിൽ തീവ്ര വംശീയവാദി നടത്തിയ വെടിവെപ്പിൽ ഇസ്ലാം മതവിശ്വാസികൾ കൊല്ലപ്പെട്ട വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ട്. നൈജീരിയയിലെ രണ്ടു കോടിയോളം വരുന്ന ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ തീവ്രവാദ ചിന്താഗതി വെച്ചു പുലർത്തുന്നവരാണ് ക്രൈസ്തവരെ ആക്രമിക്കുന്നത്. 2017ൽ മാത്രം 72 ആക്രമണങ്ങൾ നടത്തുകയും 121 ആളുകളെ വധിക്കുകയും ചെയ്തു.
നൈജീരിയയിലെ മറ്റൊരു മുസ്ലിം തീവ്രവാദ സംഘടനയായ ബൊക്കോഹറാമിനെക്കാൾ ക്രൈസ്തവർക്ക് ഇപ്പോൾ ഭീഷണി സൃഷ്ടിക്കുന്നത് ഫുലാനികളാണ്. ന്യൂയോർക്ക് ടൈംസ് വാഷിംഗ്ടൺ പോസ്റ്റ്, സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങൾ ക്രൈസ്തവ കൂട്ടക്കൊലയെ കുറിച്ചുള്ള വാർത്തയില്‍ നിശബ്ദത പാലിക്കുന്നതിനെതിരെ ബ്രെട്ബര്‍ട്ട് ന്യൂസ് എന്ന മാധ്യമത്തിന്റെ റോമിലെ ലേഖകനായ ഡോ. തോമസ് വില്യംസ് പ്രതിഷേധം രേഖപ്പെടുത്തിയിരിന്നു. ഈ വർഷത്തിന്റെ ആരംഭത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഒമ്പതിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന തോതില്‍ കടുത്ത മത പീഡനം നേരിടുന്നുണ്ട്. ഇതിന്‍ പ്രകാരം 25 കോടിയോളം ക്രൈസ്തവ വിശ്വാസികൾ പീഡനമേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.