News - 2024

പാപ്പ - ചൈനീസ് പ്രസിഡൻറ് കൂടിക്കാഴ്ച ഉടന്‍?

സ്വന്തം ലേഖകന്‍ 20-03-2019 - Wednesday

വത്തിക്കാൻ: ചരിത്രം കുറിച്ച് ഫ്രാൻസിസ് പാപ്പ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി റോമിൽ വച്ച് ഈ ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന്‍ സൂചന. നാളെ മുതല്‍ മുതൽ ഇരുപത്തിയാറ് വരെ നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഇറ്റലി, മൊണാക്കോ, ഫ്രാൻസ് ഔദ്യോഗിക സന്ദർശനത്തിനിടെ അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വത്തിക്കാനുമായുള്ള ബന്ധം പുതുക്കാന്‍ ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ്ങ് ഷുവങ്ങ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നയതന്ത്രപരമായ ബന്ധമില്ലെങ്കില്‍പ്പോലും വത്തിക്കാന് പുറത്തു വെച്ചു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാൻ മാർപാപ്പ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയന്‍ മാധ്യമത്തിലും റിപ്പോര്‍ട്ട് വന്നു. എല്ലാ രാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിക്കുവാനാണ് വത്തിക്കാൻ തിരുസംഘം പരിശ്രമിക്കുന്നതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. ചൈനയുടെ ചരിത്രത്തിന്റെ ഭാഗമാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹോങ്കോങ്ങ് കത്തോലിക്ക രാഷ്ട്രീയ നേതാവ് സാങ്ങ് പോ രംഗത്തെത്തിയിട്ടുണ്ട്. ഭൂഗർഭ സഭയെ പ്രസിഡൻറ് അംഗീകരിക്കുമെന്നാണ് മാർപാപ്പയുടെ പ്രതീക്ഷയെന്നും എന്നാൽ ഭൂഗർഭ സഭയെ ചൈനീസ് കത്തോലിക്ക പാട്രിയോട്ടിക്ക് അസോസിയേഷനു കീഴിൽ കൊണ്ടുവരാനായിരിക്കും പ്രസിഡന്റ് ഷിയുടെ ശ്രമമെന്നും അദ്ദേഹം വിലയിരുത്തി. വത്തിക്കാൻ - ചൈന നയതന്ത്ര ബന്ധത്തേക്കാൾ ചൈനീസ് കത്തോലിക്ക സഭയുടെ കടിഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളിലാണെന്നും സാങ്ങ് സൂചിപ്പിച്ചു.


Related Articles »