News - 2024

നെതര്‍ലന്‍ഡ്‌സില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് വധഭീഷണി

സ്വന്തം ലേഖകന്‍ 19-03-2019 - Tuesday

ആംസ്റ്റര്‍ഡാം: പടിഞ്ഞാറൻ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നിരന്തരം ഉപദ്രവിക്കപ്പെടുകയും ഭീഷണികള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ക്രൂരതകള്‍ നേരിടേണ്ടി വന്ന മുന്‍ ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് അമേരിക്കന്‍ ഓണ്‍ലൈന്‍ കത്തോലിക്ക വാര്‍ത്താ മാധ്യമമായ ക്രുക്സ് പുറത്തുവിട്ട ലേഖനമാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

1999-ല്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനു ശേഷം തുടര്‍ച്ചയായി വധഭീഷണി ലഭിച്ചു തുടങ്ങിയ ഇറാഖി സ്വദേശിയായ ഫാറദൂണ്‍ ഫവ്വ്വാദിനെക്കുറിച്ച് ലേഖനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയവര്‍ വരെ തന്റെ ശത്രുക്കളായി മാറി എന്നാണ് ഫവ്വ്വാദ് പറയുന്നത്. അത്രയധികം യാഥാസ്ഥിതികരല്ലാത്ത മുസ്ലീങ്ങള്‍ വരെ തന്നെക്കൊല്ലുമെന്ന് തന്റെ ഭാര്യയോട് പറഞ്ഞതായി ഫവ്വ്വാദ് വെളിപ്പെടുത്തുന്നു. ഫോണിലൂടെയും, എഴുത്തിലൂടെയുമാണ് കൂടുതല്‍ ഭീഷണികള്‍ ലഭിക്കുന്നതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊറോക്കോയില്‍ നിന്നും നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാസിം എന്നയാളുടെ അനുഭവവും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അപമാനിക്കപ്പെടുന്നതായും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ജാസിം പറയുന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതില്‍ തനിക്കൊരു പശ്ചാത്താപവുമില്ലെന്നു ജാസിം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ലഭിച്ച ഭീഷണിയെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്റെ ക്രൈസ്തവ വിശ്വാസം രഹസ്യമാക്കി വെക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിവരിച്ചു.

സൊമാലിയയില്‍ നിന്നും നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറിയ എസ്തേര്‍ മുള്‍ഡറും കുടുംബവും കടുത്ത ഭീഷണികളാണ് നെതര്‍ലന്‍ഡ്‌സില്‍ നേരിടുന്നത്. എസ്തേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തുടര്‍ച്ചയായി അവര്‍ക്ക് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവ മാധ്യമങ്ങളിലൂടെയായിരിന്നു ഭീഷണികള്‍. നെതര്‍ലന്‍ഡ്‌സ് പോലെയുള്ള ഒരു രാജ്യത്ത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം ക്രൂരതകള്‍ നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്.

അഭയാര്‍ത്ഥികളായി രാജ്യത്തു എത്തിച്ചേര്‍ന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് സഹ അഭയാര്‍ത്ഥികളില്‍ നിന്നും ഭീഷണി ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്തരം ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിലെ യുട്രെക്റ്റില്‍ ട്രാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരിന്നു.

More Archives >>

Page 1 of 428