News

മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്‌തവ യുവാവിനെ മരണ ശിക്ഷയ്ക്കു വിധിച്ച് പാക്ക് കോടതി

പ്രവാചകശബ്ദം 04-07-2024 - Thursday

ലാഹോര്‍: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്‌തവ യുവാവിനെ മരണ ശിക്ഷയ്ക്കു വിധിച്ച് പാക്ക് കോടതി. കഴിഞ്ഞ വർഷം കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിന് ശേഷം വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് കോടതി പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റിൽ, ഖുറാനിലെ പേജുകള്‍ നിലത്ത് എറിഞ്ഞുവെന്ന അവകാശവാദങ്ങള്‍ ചില പ്രദേശവാസികള്‍ ആരോപിച്ചതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ വന്‍ ആക്രമണമാണ് അരങ്ങേറിയത്. ജരന്‍വാല നഗരത്തിലെ ഡസൻ കണക്കിന് വീടുകളും ക്രൈസ്തവ ദേവാലയങ്ങളും കൂട്ടമായി എത്തിയ ഇസ്ലാം മതസ്ഥര്‍ അഗ്നിയ്ക്കിരയാക്കിയിരിന്നു.

ഇതിന് പിന്നാലേ മതനിന്ദ അടങ്ങിയ സന്ദേശങ്ങൾ ഏസാൻ ഷാൻ എന്ന യുവാവ് പങ്കുവെച്ചെന്ന ആരോപണത്തില്‍ പോലീസ് കേസെടുത്തിരിന്നു. യുവാവിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായി അദ്ദേഹത്തെ ഇരുപത്തിരണ്ടു വർഷം ജയിൽശിക്ഷയ്ക്കു വിധേയനാക്കണമെന്നും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ജൂലൈ ഒന്നാം തീയതി തിങ്കളാഴ്ചയാണ് ഇത്തരമൊരു വിധി കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ ക്രൈസ്തവ സമൂഹം വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിരവധി ക്രൈസ്‌തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തവർ ശിക്ഷിക്കപ്പെടാതെ തുടരുമ്പോൾ, ഈ വിധിയിലൂടെ ഏസാൻ ഷാൻ ബലിയാടായി മാറുകയാണെന്ന് പ്രദേശത്തെ ക്രൈസ്തവസമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ജരന്‍വാല സംഭവങ്ങളെക്കുറിച്ചുള്ള പ്രോസിക്യൂട്ടർ ഓഫീസിൻ്റെ റിപ്പോർട്ട് പാകിസ്ഥാൻ സുപ്രീം കോടതി തള്ളിയിരുന്നു. റിപ്പോർട്ടിൽ അറസ്റ്റുകൾ സംബന്ധിച്ചുള്ളതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇല്ലെന്ന് വിശേഷിപ്പിച്ച കോടതി പുതിയ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ഒരു ക്രൈസ്തവ യുവാവിനെ മാത്രം കുറ്റക്കാരനായി കണ്ടെത്തി മരണശിക്ഷയ്ക്ക് വിധിച്ച നടപടി കടുത്ത അനീതിയാണെന്നും, ഇത് പാക്കിസ്ഥാനിലെ മുഴുവൻ ക്രൈസ്തവരുടെയും സാങ്കല്പികമായ മരണമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും സെൻ്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെൻ്റ് (CLAAS) എന്ന സർക്കാരിതരസംഘടന പ്രസ്‌താവിച്ചു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മതനിന്ദയുടെ പേരിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ, പാക്ക് ദേശീയ അസംബ്ലിയും സെനറ്റും അടുത്തിടെ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കിയിരിന്നുവെങ്കിലും ഇതൊന്നും ഫലം കണ്ടില്ലായെന്ന വ്യക്തമായ സൂചനയാണ് കോടതി വിധിയില്‍ നിന്നു വ്യക്തമാകുന്നത്.

More Archives >>

Page 1 of 978