News - 2025
സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു നൈജീരിയൻ വൈദികന്‍ കൂടി മോചിതനായി
പ്രവാചകശബ്ദം 28-03-2025 - Friday
അബൂജ: ഇക്കഴിഞ്ഞ മാർച്ച് 23 ഞായറാഴ്ച സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി. ഒവേരി അതിരൂപതാംഗമായ ഫാ. ജോൺ ഉബേച്ചുവിനു മോചനം ലഭിച്ചതായി മാർച്ച് 26ന് ചാൻസലറും അതിരൂപതയുടെ സെക്രട്ടറിയുമായ ഫാ. പാട്രിക് സി. എംബാര മാധ്യമങ്ങളെ അറിയിച്ചു. ഇസോംബെയിലെ ഹോളി ഫാമിലി കത്തോലിക്ക ഇടവക വികാരിയാണ് ഫാ. ജോൺ. ഞായറാഴ്ച വൈകുന്നേരം, വൈദികരുടെ വാർഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിനിടെ തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഒഗുട്ട ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജെമെക്വുരു റോഡിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.
ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും നമ്മുടെ പ്രാർത്ഥനകൾക്കും ഉത്തരം നൽകിയതിനു നന്ദി പറയുകയാണെന്ന് അതിരൂപത പ്രസ്താവിച്ചു. ഫാ. ജോൺ ഉബേച്ചുവിനെ തട്ടിക്കൊണ്ടുപോയ അതേദിവസം തന്നെ മറ്റൊരു വൈദികനെ രക്ഷപ്പെടുത്തുവാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞിരിന്നു. ഫാ. സ്റ്റീഫൻ എച്ചെസോണ എന്ന വൈദികനെയാണ് സായുധധാരികളില്‍ നിന്നു മോചിപ്പിച്ചത്. അനാംബ്ര സംസ്ഥാനത്തെ അനാച്ച ഏരിയയിലെ ഇച്ചിഡ പെട്രോൾ സ്റ്റേഷനിൽവെച്ച് ഫാ. എച്ചെസോണ തന്റെ കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. വൈദികനെ പരിക്ക് കൂടാതെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞതായി സംസ്ഥാന പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ ടോച്ചുക്വു ഇകെംഗ പറഞ്ഞു.
അതേസമയം 2025 വർഷാരംഭം മുതൽ ഇത് വരെ പന്ത്രണ്ട് വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ കണക്ക്. ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു, സെമിനാരി വിദ്യാര്‍ത്ഥി ആൻഡ്രൂ പീറ്റർ എന്നിവരെ തട്ടിക്കൊണ്ടുപോയവർ കൊലപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിന്നു. ഇതിൽ പതിനൊന്ന് വൈദികരും കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പ്രധാനമായും നടത്തുന്നത് ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, ഐഎസ്ഡബ്ല്യുഎപി തുടങ്ങിയ ഇസ്ലാമിക/ജിഹാദി ഗ്രൂപ്പുകളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?