News

ഇലോണ്‍ മസ്കിന് വേണ്ടി യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥന; ദൈവീക സംരക്ഷണം നമ്മുക്ക് ആവശ്യമെന്ന് ശതകോടീശ്വരന്‍

പ്രവാചകശബ്ദം 01-04-2025 - Tuesday

വിസ്കോൺസിന്‍: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും യു‌എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനുമായ ഇലോണ്‍ മസ്കിന് വേണ്ടി യേശു നാമത്തില്‍ പ്രാര്‍ത്ഥന. അമേരിക്കയിലെ വിസ്കോൺസിനിലെ ടൗൺ ഹാളിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പിലെ യാഥാസ്ഥിതിക സ്ഥാനാർത്ഥി ബ്രാഡ് സ്‌കിമലിന്റെ പ്രചരണാര്‍ത്ഥം എത്തിയപ്പോഴാണ് അജ്ഞാതനായ വചനപ്രഘോഷകന്‍ മസ്കിന്റെ അനുമതിയോടെ പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ആമേന്‍ പറഞ്ഞ മസ്ക്, ദൈവീക സംരക്ഷണം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.



ഗ്രീൻ ബേയിൽ ഏകദേശം രണ്ടായിരത്തോളം ജനക്കൂട്ടത്തിന് നടുവിലാണ് പ്രാര്‍ത്ഥന നടന്നത്. സദസ്സിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ, പാസ്റ്ററായ തന്റെ പിതാവിന് മസ്കിന് വേണ്ടി ഒരു പ്രാർത്ഥന നടത്താൻ കഴിയുമോ എന്ന് ഒരു യുവാവ് ചോദിക്കുകയായിരിന്നു. മസ്ക് സമ്മതം നല്‍കിയതോടെ യേശു നാമത്തില്‍ പ്രാര്‍ത്ഥന ആരംഭിക്കുകയായിരിന്നു. നിരവധി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും, നിങ്ങൾ ഇപ്പോഴും ഞങ്ങളോടൊപ്പം വളരെ സജീവമാണ്. നീതിക്കും, സ്വാതന്ത്ര്യത്തിനും, അന്തസ്സിനും വേണ്ടി പോരാടുന്ന എല്ലാവരെയും പ്രത്യേകിച്ച നിങ്ങളെയും ആവരണം ചെയ്ത് സംരക്ഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയാണെന്ന് പാസ്റ്റര്‍ പറഞ്ഞു.

ഇലോൺ മസ്കിനും, അദ്ദേഹത്തിന്റെ കുട്ടികൾക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും, എല്ലാ ടീം അംഗങ്ങൾക്കും ചുറ്റും ദൈവീക സംരക്ഷണ വലയം സ്ഥാപിക്കണമേയെന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചു. നമ്മുടെ പാപങ്ങൾക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ചെയ്ത, രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് ചോദിക്കുന്നു. രാജ്യത്തിലെ എല്ലാ തെറ്റുകളും കഴുകിക്കളയുകയും ഞങ്ങളിൽ നിന്ന് പുതിയതായി ആരംഭിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് ചോദിക്കുന്നു. ആമേൻ. - എന്നായിരിന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.

മറുപടിയായി 'ആമേന്‍' പറഞ്ഞ ശതകോടീശ്വരനായ സ്പേസ് എക്സ് മേധാവി മസ്ക് സുവിശേഷപ്രഘോഷകന് നന്ദിയര്‍പ്പിച്ചു. പ്രാര്‍ത്ഥന മനോഹരമായിരുന്നുവെന്നും സത്യമായും നമുക്ക് ദൈവീക സംരക്ഷണം ആവശ്യമാണെന്ന് താന്‍ കരുതുന്നുണ്ടെന്നും മസ്ക് പറഞ്ഞു. ക്രൈസ്തവ വിശ്വാസമില്ലാത്ത പാശ്ചാത്യ ലോകം നശിക്കുമെന്ന പ്രസ്താവനയോട് യോജിക്കുന്നതായി കഴിഞ്ഞ വര്‍ഷം എക്സില്‍ മസ്ക് കുറിച്ചിരിന്നു. ഫ്രാന്‍സില്‍ നടന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ വിയോജിപ്പ് അറിയിച്ചും മസ്ക് രംഗത്ത് വന്നിരിന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1068