News
അഭയാർത്ഥി നയം; അമേരിക്കന്‍ മെത്രാന്മാർ സർക്കാരുമായുള്ള സഹകരണ കരാര്‍ അവസാനിപ്പിച്ചു
പ്രവാചകശബ്ദം 09-04-2025 - Wednesday
വാഷിംഗ്ടണ്‍ ഡിസി: അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടികൾ നിറുത്തിവച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നടപടിയുടെ പശ്ചാത്തലത്തില്‍ സർക്കാരുമായുള്ള സഹകരണ കരാറുകൾ പുതുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും അഭയാർത്ഥി പദ്ധതികൾക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച പശ്ചാത്തലവും കണക്കിലെടുത്താണ് ഖേദകരമായ തിരുമാനം എടുക്കാൻ സര്‍ക്കാര്‍ നിർബന്ധിതമായതെന്ന് മെത്രാൻ സംഘം തിങ്കളാഴ്ച പ്രസ്താവിച്ചു. അക്രമത്തിലും പീഡനങ്ങളിലും നിന്ന് സഹോദരങ്ങളെ രക്ഷിക്കുന്നതിന് പറ്റിയ ഏറ്റവും ഉചിതമായ വഴികളെക്കുറിച്ച് പുനരാലോചിക്കേണ്ടിയിരിക്കുന്നുവെന്ന് മെത്രാന്മാർ കുറിച്ചു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അനേകം സഹോദരീസഹോദരന്മാർക്ക് ഗുണകരമായ ജീവൻ രക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ അമേരിക്കൻ ഐക്യനാടുകളുടെ സർക്കാരുമായുള്ള പങ്കാളിത്തം വർഷങ്ങളായി സഹായകമായിട്ടുണ്ടെന്നു മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ അനുസ്മരിച്ചു. സർക്കാരിൻറെ ഭാഗത്തുനിന്നുള്ള സാമ്പത്തികസഹായം തികയാതെ വരുമ്പോൾ ദൈവജനത്തിൻറെ ഉദാരമായ സഹായത്തോടെയാണ് അജപാലന പരിചരണത്തിൻറെയും ഉപവിയുടെയുമായ ഈ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നാലര പതിറ്റാണ്ടുകളായി അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനും മാതാപിതാക്കള്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചവരോ, കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ പ്രായപൂർത്തിയാകാത്തവരെ ആയ ആളുകളെ പിന്തുണയ്ക്കാനും അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേകമായി ഇടപ്പെട്ടിരിന്നു. ഈ ലക്ഷ്യം പരിഗണിച്ചു ബൈഡൻ ഭരണകാലത്ത്, ഗവൺമെന്റ് 100 മില്യൺ ഡോളറിന്റെ സഹായം പ്രതിവർഷം മെത്രാന്‍ സമിതിക്ക് അനുവദിച്ചിരിന്നു.
എന്നാല്‍ അധികാരത്തില്‍ വന്നതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ കാര്‍ക്കശ്യമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം ഏറ്റവും അധികം ബാധിക്കുന്നത് ക്രൈസ്തവരെയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഭ്രൂണഹത്യ വിരുദ്ധ നിലപാടിലൂടെയും ക്രിസ്തീയ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്നതിലും കത്തോലിക്ക സഭാനേതൃത്വത്തിന് ഡൊണാള്‍ഡ് ട്രംപ് സ്വീകാര്യനാണെങ്കിലും അഭയാര്‍ത്ഥി വിഷയത്തില്‍ കാണിക്കുന്ന കടുംപിടുത്തത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്.