News
ബ്രിട്ടനില്‍ നിശബ്ദമായ പുനരുജ്ജീവനം; ദേവാലയങ്ങളിലെത്തുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
പ്രവാചകശബ്ദം 09-04-2025 - Wednesday
ലണ്ടന്‍: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ബ്രിട്ടന്‍ വ്യതിചലിച്ചുവെന്ന പ്രചരണങ്ങള്‍ക്കിടെ ദേവാലയങ്ങള്‍ അതിജീവനത്തിന്റെ പാതയിലെന്നു സൂചനയുമായി പുതിയ റിപ്പോര്‍ട്ട്. ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ദേവാലയ പങ്കാളിത്തത്തെക്കുറിച്ച് 13,000-ത്തിലധികം ആളുകളിൽ സർവേ നടത്തിയപ്പോള്‍ ലഭിച്ചിരിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2018നും 2024നും ഇടയിൽ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 1997 മുതൽ 2012 വരെ ജനിച്ച തലമുറയായ ജനറേഷൻ ഇസഡ് വിഭാഗത്തില്‍ ദേവാലയ പ്രാതിനിധ്യം ഇക്കാലയളവില്‍ നാലിരട്ടിയായി വർദ്ധിച്ചു. നാലു ശതമാനത്തില്‍ നിന്ന് 16% ആയതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2018-ൽ സമാനമായ ഒരു സാമ്പിൾ ഗ്രൂപ്പിന്റെ പഠനവുമായി താരതമ്യം ചെയ്താണ് പുതിയ റിപ്പോര്‍ട്ട്.
ദേവാലയങ്ങളില്‍ പോകുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും വെളുത്തവരും സ്ത്രീകളുമാണെന്നും എന്നാല്‍ എല്ലാ വംശങ്ങളിൽ നിന്നുമുള്ള ധാരാളം ചെറുപ്പക്കാരുടെ എണ്ണം ഇപ്പോള്‍ കാണുന്നുണ്ടെന്നും ബൈബിൾ സൊസൈറ്റിയിലെ ഗവേഷണ ഡയറക്ടർ ഡോ. റിയാനൻ മക്അലീർ പറഞ്ഞു. ഏറ്റവും കൂടുതൽ ദേവാലയങ്ങളില്‍ പോകുന്നവരില്‍ ഏറെയും 65 വയസ്സിനു മുകളിലുള്ളവരായിരിന്നു. എന്നാല്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഏറിവരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതേസമയം ബ്രിട്ടനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനമെന്ന നിലയിലാണ് പുതിയ റിപ്പോര്‍ട്ടിനെ പൊതുവേ വിശേഷിപ്പിക്കുന്നത്.