News
ഭിന്നശേഷിക്കാർക്കു വേണ്ടി ദേവാലയങ്ങളില്‍ സൗകര്യങ്ങൾ ഒരുക്കുവാനുള്ള ആഹ്വാനവുമായി മാര്‍ ജോസ് പൊരുന്നേടം
പ്രവാചകശബ്ദം 10-04-2025 - Thursday
മാനന്തവാടി: ഭിന്നശേഷിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരുമായ സഹോദരങ്ങളുടെ സൗകര്യാർത്ഥം പള്ളി, പള്ളിമുറി, പാരിഷ് ഹാൾ, സ്‌കൂൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഏപ്രില്‍ മാസത്തിലെ സര്‍ക്കുലറിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സഭാസമൂഹത്തിൽ, അധിക മൊന്നും ശ്രദ്ധിക്കപ്പെടാത്തതും ചർച്ച ചെയ്യപ്പെടാത്തതും അടിയന്തര ശ്രദ്ധ ആവശ്യമുള്ളതുമായ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഇതെഴുതുന്നതെന്ന ആമുഖത്തോടെയാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്.
സഭാസ്ഥാപനങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകേണ്ട പ്രത്യേക പരിഗണനയെക്കുറിച്ചുള്ള പ്രബോധനം എല്ലാ മനുഷ്യരും ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിലുള്ള മനുഷ്യമഹത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഭിന്നശേഷിക്കാരെ സഭാജീവിതത്തിൽ സജീവമായി പ്രോത്സാഹിപ്പിക്കണമെന്നതാണ് സഭാപ്രബോധനം. ആരാധനാക്രമ ആഘോഷങ്ങളും സമൂഹ പ്രവർത്തനങ്ങളും ഉൾപ്പെടെ, സഭയുടെ ജീവിതത്തിൽ അവർക്ക് ക്രിയാത്മകമായി പങ്കെടുക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
അവരുടെ കുടുംബങ്ങളെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്വം സഭാസമൂഹ ത്തിനുണ്ട്. അതുപോലെ പള്ളി, പള്ളിമുറി, പാരിഷ് ഹാൾ നമ്മുടെ പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിലെ സൗകര്യങ്ങൾ ഭിന്നശേഷിക്കാർക്കും പ്രയാസം കൂടാതെ പ്രാപ്യമാണെന്ന് ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ പ്രത്യേകത പരിഗണിച്ചുള്ള അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഭാംഗങ്ങളുടെ മനോഭാവം രൂപപ്പെടുത്തുന്ന തരത്തിലുള്ള പ്രബോധനങ്ങൾ സുവിശേഷ പ്രഘോ ഷണത്തിലും മതബോധന പരിപാടികളിലും ഉൾപ്പെടുത്തണം. അവരുടെ ആത്മീയരൂപീകരണത്തിൽ പൂർണ്ണമായും ഏർപ്പെടാനും അവർക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാനും അവരെ അനുവദിക്കുന്ന ഉചിതമായ രീതികളും വസ്‌തുക്കളും വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഭിന്നശേഷിക്കാർക്ക് സമൂഹത്തെ സമ്പന്നമാക്കാൻ കഴിയുന്ന അതുല്യമായ കഴിവുകളും വ്യക്തിപ്രഭാവവും ഉണ്ടെന്ന് സഭാപഠനങ്ങൾ എടുത്ത് പറയുന്നുണ്ട്. അവരുടെ അനുഭവങ്ങളും കാഴ്ച്‌ചപ്പാടുകളും വിലമതിക്കപ്പെടുകയും സഭാസമൂഹത്തിൻറെ ജീവിതവുമായി സംയോജിപ്പിക്കുകയും വേണം. വിശ്വാസത്തെയും സമൂഹത്തെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ ആഴത്തിലുള്ള അറിവും ബോധ്യങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതും ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഭിന്നശേഷിക്കാർക്ക് സഭാസമൂഹം തങ്ങളുടെ സ്വന്തമാണെന്ന ബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മനോഭാവ മാണ് സഭാസമൂഹം വളർത്തിയെടുക്കേണ്ടത്. അവർ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതായി അനുഭവപ്പെടുന്ന വിധത്തിൽ അവരെ ഉൾക്കൊള്ളുന്ന സമൂഹങ്ങൾ രൂപപ്പെടണം. മറ്റ് വാക്കുകളിൽ പറഞ്ഞാൽ അവരോടുള്ള നമ്മുടെ നിസ്സംഗ സമീപന രീതി മാറ്റണം.
ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന പ്രത്യേകതരം വാഹനങ്ങൾ കെട്ടിടത്തിന്റെ പരമാവധി അടുത്തുവരെ കൊണ്ടുവരാനുള്ള തരത്തിലുള്ള റോഡ്, അത്തരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിയമമനുസരിച്ച് അടയാളപ്പെടുത്തിയ പാർക്കിംഗ് സ്ഥലങ്ങൾ, ഭിന്നശേഷിക്കാർക്ക് അകത്തേക്ക് പ്രവേശിക്കാൻ പറ്റുന്ന രീതി യിലുള്ള റാമ്പ്, വീതി കൂടിയതും അടിഭാഗത്ത് കാൽ തട്ടി വീഴാതി രിക്കത്തക്ക രീതിയിൽ പടി വയ്ക്കാത്തതുമായ വാതിൽ എന്നിവ, വീൽചെയർ ഉരുട്ടി സ്വയം പ്രവേശിക്കാൻ പറ്റിയ വീതി കൂടിയ വാതിലോടുകൂടിയ ടോയ്ലറ്റ്, ലിഫ്റ്റ് ഉള്ളിടത്ത് കാഴ്‌ചശക്തി ഇല്ലാത്തവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധം ബ്രെയിൽ ലിപിയിൽ അടയാളപ്പെടുത്തിയ നിയന്ത്രണ സംവിധാനങ്ങൾ, ഓരോ നിലയിലും എത്തുമ്പോൾ തിരിച്ചറിയാനായി അനൗൺസ്മെൻ്റ് സംവിധാനം തുടങ്ങിയവ ഒരുക്കണം.
മേൽപ്പറഞ്ഞവയോടൊപ്പം ഇടവകകളിൽ പരിഗണിക്കപ്പടേണ്ട വിഷയമാണ് പൊതുപ്പണി, കുടിശ്ശിക എന്നിവയിൽ നിന്ന് ഭിന്നശേഷിക്കാർക്ക് ഒഴിവ് നൽകുന്ന കാര്യം. അതുപോലെ അവരുടെ പേരിൽ കുടിശ്ശിക എഴുതുന്നതിന്റെ സാംഗത്യവും. സ്വാഭാവികമായും നിർധനരായവരെയാണ് ഇവിടെ പരാമർശിക്കുന്നത്. കാഴ്ചയുള്ളവർക്കും കൈകൾക്ക് സ്വാധീനക്കുറവ് ഇല്ലാത്ത വർക്കും പൊതുപ്പണിക്ക് പകരം കമ്പ്യൂട്ടറിലുള്ള ഡേറ്റാ എൻട്രി, ഇടവകയുടെ മീഡിയാ പ്രവർത്തനവുമായി ബന്ധപ്പെട്ട എഡിറ്റിംഗ്, സമൂഹമാധ്യമങ്ങൾ വഴിയുള്ള വാർത്താബുള്ളറ്റിൻ തുടങ്ങിയ ജോലികൾ പരിഗണിക്കാവുന്നതാണ്.
സംസാരശേഷിയും ശ്രവണശക്തിയും ഇല്ലാത്തവരും നമ്മുടെ സമൂഹത്തിൽ ഒട്ടനവധിയുണ്ട്. അങ്ങനെയുള്ള സഹോദരങ്ങൾക്ക് സജീവമായി വി. കുർബാനയിൽ പങ്കെടുക്കുന്നതിനും തിരുവചന സന്ദേശങ്ങൾ കേൾക്കുന്നതിനും ആംഗ്യഭാഷ പഠിച്ചിട്ടുള്ള ബഹുമാനപ്പെട്ട വൈദികരുടെയും മറ്റുള്ളവരുടെയും സഹായത്താൽ പ്രത്യേക ശുശ്രൂഷകൾ സംഘടിപ്പിക്കുന്ന കാര്യം ചിന്തിക്കേണ്ട താണ്. ഓരോ ഇടവകയിലും ഈ ശുശ്രൂഷ ലഭ്യമാക്കുന്നതിന് പകരം ഫൊറോനാ തലത്തിൽ വർഷത്തിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും ഇത്തരം ശുശ്രൂഷകൾ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. സർക്കുലർ ഏപ്രിൽ 27 ഞായറാഴ്ച ഇടവക പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന മറ്റിടങ്ങളിലും വായിക്കും.