News

ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിസാറും കുടുംബവും അനുഭവിക്കുന്നത് കൊടും പീഡനങ്ങള്‍

സ്വന്തം ലേഖകന്‍ 08-11-2016 - Tuesday

ലണ്ടന്‍: ഇരുപതു വര്‍ഷം മുന്‍പ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഇന്നും ദുരിതങ്ങള്‍ അനുഭവിക്കുന്ന നിസാര്‍ ഹുസൈനെ പറ്റി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്. തന്റെ പരിവര്‍ത്തനത്തിന്റെ പേരില്‍ ഇതിനോടകം പലതരം ഭീഷണികള്‍ ഭയന്ന് നിസാര്‍ രണ്ടു തവണ തന്റെ താമസ സ്ഥലം മാറിയിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ മുസ്ലിം തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. അന്നത്തെ സംഭവത്തില്‍ ഇടതുകൈയ്ക്കും ഇടതുകാലിനും ഗുരുതരമായ പരിക്കാണ് അമ്പതുകാരനായ നിസാറിന് ഏല്‍ക്കേണ്ടി വന്നത്.

2008-ല്‍ 'ചാനല്‍ ഫോര്‍' ടിവി ഡോക്യുമെന്ററിയില്‍ നിസാര്‍ മുഹമ്മദിനെ കുറിച്ച് ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. മുസ്ലീം മതവിശ്വാസികള്‍ തനിക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് നിസാര്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയത്. ഇസ്ലാം വിശ്വാസികളായ നിരവധി പേരുടെ കൂടെയാണ് ബ്രാഡ്‌ഫോര്‍ഡിലെ വെസ്റ്റ് യോര്‍ക്കില്‍ നിസാറിന്റെ കുടുംബം താമസിച്ചിരുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയന്ന 50കാരനായ നിസാറും കുടുംബവും ബ്രാഡ്ഫോർഡിലുള്ള തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് സായുധ പോലീസ് സംഘം എത്തി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

"കഴിഞ്ഞ വര്‍ഷം എനിക്ക് നേരെ ആക്രമണമുണ്ടാകുന്നതിനു മുമ്പു തന്നെ ബ്രാഡ്‌ഫോര്‍ഡിലെ താമസ സ്ഥലം ഉപേക്ഷിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതാണ്. ആറു മക്കളാണ് എനിക്കുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രൈമറി സ്‌കൂളില്‍ എന്റെ ബന്ധുക്കളായ കുട്ടികളോടൊപ്പമാണ് എന്റെ കുഞ്ഞുങ്ങളും പഠിച്ചിരിന്നത്. കുട്ടികള്‍ എല്ലാവരും ഒരുമിച്ചായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നത്. മതം മാറിയ എന്റെ മക്കളെ ഇനി മുതല്‍ അവരുടെ കുട്ടികള്‍ പോകുന്ന വാഹനത്തില്‍ കയറ്റുവാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു".

"എന്റെ ഇളയമകള്‍ ശാഠ്യക്കാരിയാണെന്നും, അതിനാല്‍ അവളോടൊപ്പം ആരും കൂട്ടുകൂടരുതെന്നും മുസ്ലിംങ്ങളായ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് പറഞ്ഞു. മാനസികമായി ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും തകര്‍ന്നു. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തുവാന്‍ ആരംഭിച്ചു. മതംമാറിയതിനാല്‍ ഞങ്ങളുടെ കുട്ടികളോടൊപ്പം ഇടപഴകുന്നതില്‍ നിന്നും എല്ലാവരും അവരുടെ കുട്ടികളെ വിലക്കി. ഇത്തരം പ്രശ്‌നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെയാണ് എനിക്ക് നേരെ ആക്രമവും നടന്നത്". നിസാര്‍ ഹുസൈന്‍ പറഞ്ഞു.

നിസാര്‍ ഹൂസൈനെ ആക്രമിക്കുവാന്‍ ഒരു സംഘം ആളുകള്‍ വഴിയരികില്‍ കാത്തു കിടക്കുകയും, അദ്ദേഹം വന്നപ്പോള്‍ മുഖം മൂടി ധരിച്ച് അവര്‍ അക്രമം നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ തെരുവില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യമാറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. നിസാറിനെ മൃഗീയമായി മര്‍ദിച്ച ശേഷം ഇവര്‍ കാറില്‍ തന്നെ രക്ഷപെടുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബ്രാഡ്‌ഫോര്‍ഡില്‍ നിസാറും കുടുംബവും താമസിച്ചിരുന്ന സ്ഥലത്ത് വലിയ ഒരു മുസ്ലീം കുടുംബം താമസിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നിസാറിനോടും കുടുംബത്തോടും അവര്‍ വലിയ അടുപ്പമാണ് കാണിച്ചിരുന്നത്. എന്നാല്‍ 2008-ല്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവര്‍ നിസാറിനും കുടുംബത്തിനും വിലക്ക് പ്രഖ്യാപിച്ചു.

എട്ടു വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ള ആറു കുട്ടികളാണ് നിസാറിനുള്ളത്. അക്രമത്തിന് ഇരയാകുന്നതിനു മുമ്പു വരെ ഒരു നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. 2015-ല്‍ മാത്രം ആറു തവണ നിസാര്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വെസ്റ്റ്യോര്‍ക്ക് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഒരു തരത്തിലുള്ള അക്രമവും ആര്‍ക്കു നേരെയും തങ്ങള്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവിയില്‍ നിസാര്‍ അതിക്രൂരമായ മര്‍ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ച് കാറിലെത്തി അക്രമിച്ചവരെ പിടികൂടുവാന്‍ ഇതുവരെയും പോലീസിനു കഴിഞ്ഞിട്ടില്ല. മതം മാറുന്നതിന്റെ പേരില്‍ തീവ്രമായ അസഹിഷ്ണുത യുകെ പോലെയുള്ള ഒരു രാജ്യത്തും നിലനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് നിസാറിനു ഉണ്ടായിരിക്കുന്ന അനുഭവം.

More Archives >>

Page 1 of 103