News - 2024
പൗരോഹിത്യ ജീവിതം ഉപേക്ഷിച്ച് കുടുംബജീവിതം തിരഞ്ഞെടുത്തവരെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 12-11-2016 - Saturday
റോം: വൈദികരായി ഏറെ നാള്‍ സഭയില്‍ ശുശ്രൂഷ ചെയ്ത ശേഷം, പിന്നീട് പൗരോഹിത്യ ഉപേക്ഷിച്ച് കുടുംബജീവിതം ആരംഭിച്ചവരെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ തന്നെ തുടക്കം കുറിച്ച കരുണയുടെ വെള്ളിയാഴ്ചയിലാണ് പൗരോഹിത്യ ജീവിതം ഉപേക്ഷിച്ചവരെ സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ സമയം കണ്ടെത്തിയത്. റോം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പൊറ്റി ഡീ നോനയില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെത്തിയാണ് പൌരോഹിത്യ ശുശ്രൂഷ ഉപേക്ഷിച്ചവരെ മാര്‍പാപ്പ സന്ദര്‍ശിച്ചത്.
റോം രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വൈദികരായി സേവനം ചെയ്ത അഞ്ചു പേരെയും മാഡ്രിഡ്, സിസിലി, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയുമായാണ് പാപ്പ സന്ദര്‍ശിച്ചത്. തങ്ങളുടെ ഭവനങ്ങളിലേക്ക് എത്തിയ പരിശുദ്ധ പിതാവിനെ ഏറെ ആഹ്ലാദത്തോടെയാണ് അവര്‍ സ്വീകരിച്ചത്. അനേക വര്‍ഷക്കാലം വൈദിക ജീവിതത്തില്‍ പ്രതിബദ്ധതയോടെ ജീവിച്ചിട്ടും പിന്നീട് അത് ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ പലരും പാപ്പയോട് തുറന്ന്‍ പറഞ്ഞു.
ശ്രദ്ധയോടെ അവരുടെ പ്രശ്‌നങ്ങളും, സാഹചര്യങ്ങളും പാപ്പ കേട്ട് മനസിലാക്കി. തങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പ് ഏറെ തളര്‍ത്തിയെങ്കിലും മാര്‍പാപ്പ നടത്തിയ കൂടികാഴ്ച പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പൌരോഹിത്യം ഉപേക്ഷിച്ചവര്‍ പ്രതികരിച്ചു. ഒറ്റപ്പെടല്‍ നേരിടുന്നവരോട് നാം കാരുണ്യപൂര്‍വ്വം ഇടപെടണമെന്നാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ നല്‍കുന്ന സൂചന.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിച്ച പാപ്പയുടെ ഭവന സന്ദര്‍ശനം വൈകുന്നേരം അഞ്ചരയ്ക്കാണ് അവസാനിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ കരുണയുടെ വെള്ളിയാഴ്ച നവജാതശിശു വിഭാഗത്തിലെ കുട്ടികളെയും ഓഗസ്റ്റില്‍ വേശ്യാവൃത്തിയില്‍ നിന്ന് സ്വതന്ത്രരായ സ്ത്രീകളെയുമാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്.