News - 2024

വ്യത്യസ്ഥ സംസ്കാരങ്ങളെ കൂട്ടിചേര്‍ത്തു കത്തോലിക്ക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്: കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി

സ്വന്തം ലേഖകന്‍ 12-11-2016 - Saturday

ലുസാക്ക: കത്തോലിക്ക വിശ്വാസത്തെ വ്യത്യസ്ഥ സംസ്കാരങ്ങളുമായി കൂട്ടിചേര്‍ത്തു മായം ചേര്‍ക്കാന്‍ അനുവദിക്കരുതെന്ന ആഹ്വാനവുമായി സുവിശേഷവത്കരണ തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ സുവിശേഷം എത്തിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ എത്തിയപ്പോഴാണ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി സഭയുടെ വിശ്വാസ തത്വങ്ങളില്‍ മായം ചേര്‍ക്കരുതെന്ന് ആഹ്വാനം ചെയ്തത്.

നവംബര്‍ 10-ാം തീയതി നടന്ന ബിഷപ്പുമാരുടെയും വൈദികരുടെയും യോഗത്തില്‍ കര്‍ദിനാള്‍ ഫിലോനി പങ്കെടുത്തു. "രാജ്യത്ത് സഭയ്ക്കുണ്ടായിരിക്കുന്ന മികച്ച വളര്‍ച്ചയെ ഓര്‍ത്ത് സന്തോഷിക്കുന്നു. ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിങ്ങള്‍ അനുഗ്രഹീതരാണ്. ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വ്യത്യസ്ഥ സംസ്കാരങ്ങളെ കൂട്ടിചേര്‍ത്തു നമ്മുടെ കത്തോലിക്ക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്". കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി പറഞ്ഞു.

'രാജ്യത്ത് സുവിശേഷവല്‍ക്കരണം ശക്തമായി തുടരുവാന്‍ ആഹ്വാനം ചെയ്ത കര്‍ദിനാള്‍ ഫിലോനി, യുവാക്കളെ സുവിശേഷ വെളിച്ചത്തില്‍ നടത്താന്‍ പ്രത്യേകം പരിശ്രമിക്കണമെന്നും പറഞ്ഞു. വിവാഹത്തിന്റെ പവിത്രതയെ കുറിച്ചും, അതിന്റെ മൂല്യത്തെ കുറിച്ചും ജനത്തിന് കൃത്യമായ ബോധ്യം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

14.6 മില്യണ്‍ ജനസംഖ്യയുള്ള സാംബിയയില്‍ 30 ശതമാനം കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 318 ദേവാലയങ്ങളും, 857 പുരോഹിതരും, 2,021 കന്യാസ്ത്രീമാരും, 567 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. രാജ്യത്തെ ജനസംഖ്യയുടെ എഴുപതു ശതമാനവും പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികളാണ്.

More Archives >>

Page 1 of 104