News - 2024

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് ട്വിറ്റര്‍: സൈബര്‍ യുദ്ധം തുടരുന്നു

സ്വന്തം ലേഖകന്‍ 01-04-2019 - Monday

വാഷിംഗ്‌ടണ്‍ ഡി.സി: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'അണ്‍പ്ലാന്‍ഡ്' പ്രോലൈഫ് സിനിമയുടെ ഔദ്യോഗിക അക്കൗണ്ട് റദ്ദാക്കിയ ട്വിറ്റര്‍ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയായില്‍ സൈബര്‍ യുദ്ധം മുറുകുന്നു. അക്കൗണ്ടിനുള്ള നിരോധനം പിന്‍വലിച്ചുവെങ്കിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുറച്ചിലാണ് ട്വിറ്റര്‍ വരുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെതിരെ സോഷ്യല്‍ മീഡിയായില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഉള്ളടക്കം സംബന്ധിച്ച തങ്ങളുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ട്വിറ്റര്‍ പറയുന്നതെങ്കിലും ഇതിന് യാതൊരു യുക്തിയുമില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

സിനിമയുടെ റിലീസ് ദിവസം തന്നെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് വെറും യാദൃച്ഛികമല്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രോലൈഫ് ചലച്ചിത്രത്തിന്റെ അക്കൗണ്ട് നിരോധിച്ചതിനെ ചോദ്യം ചെയ്തു ചോദിച്ചുകൊണ്ട് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയായിരിന്നു. ഇതേ തുടര്‍ന്നു സമ്മര്‍ദ്ധത്തിന് വഴങ്ങി ട്വിറ്റര്‍ അക്കൌണ്ട് പുനഃസ്ഥാപിച്ചു. എന്നാല്‍ ഫോളോവേഴ്സിന്റെ എണ്ണം വലിയ രീതിയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.

‘ട്വിറ്റര്‍ ആശയ വിനിമയത്തിനെതിരെ വിവേചനം കാണിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് അണ്‍പ്ലാന്‍ഡ്ന്റെ അക്കൗണ്ട് നിരോധിച്ചത്”?’ എന്നാണ് അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകയായ ഡാനാ ലോയിഷിനേപ്പോലെയുള്ളവര്‍ ട്വീറ്റ് ചെയ്തത്. തങ്ങള്‍ അബോര്‍ഷന്‍ അനുകൂലപരമായ നയങ്ങളെ വെല്ലുവിളിക്കുന്നത് കൊണ്ടാണോ ഈ സിനിമയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകയും, ലൈവ് ആക്ഷന്‍ ഫൗണ്ടറുമായ ലില റോസ്, ട്വിറ്റര്‍ സി.ഇ.ഒ ആയ ജാക്ക് ഡോഴ്സിയോട് ചോദിച്ചത്.

മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഡയറക്ടറും ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥപറയുന്ന 'അണ്‍പ്ലാന്‍ഡ്' ഒട്ടേറെ കടമ്പകള്‍ കടന്നാണ് വെള്ളിത്തിരയിലെത്തിയത്. ലൈംഗീകതയോ, അക്രമമോ ഇല്ലാതിരുന്നിട്ട് പോലും സിനിമക്ക് ‘R’ റേറ്റിംഗ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി വിവാദമായിരുന്നു. അതേസമയം സിനിമ വന്‍വിജയമെന്നാണ് റിലീസിംഗ് ദിവസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസായ ദിവസം രാത്രിയില്‍ 27.2 ലക്ഷം ഡോളര്‍ നേടിയെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്‌.


Related Articles »