News

ക്രിസ്തു ജീവിക്കുന്നു, അവനിലാണ് നമ്മുടെ പ്രത്യാശ: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 22-04-2019 - Monday

വത്തിക്കാന്‍ സിറ്റി: യേശു ജീവിക്കുന്നുവെന്നും അവന്‍ എല്ലാവരെയും ജീവസ്സുറ്റവരായി കാണാൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. റോമ നഗരത്തിനും ലോകത്തിനുമുള്ള 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തു ജീവിക്കുന്നു. അവനാണ് നമ്മുടെ പ്രത്യാശയും ഈ ലോകത്തിന്‍റെ ഏറ്റവും സുന്ദരമായ യുവത്വവും. അവൻ സ്പര്‍ശിക്കുന്നതെല്ലാം യുവത്വം കൈവരിക്കുന്നു, പുതുമയാർജിക്കുന്നു, ജീവനാൽ നിറയുന്നു. അതിനാൽ എല്ലാ യുവാക്കളോടും, എല്ലാ ക്രിസ്ത്യാനികളോടും ഞാൻ പറയാനുദ്ദേശിക്കുന്ന വാക്കുകൾ: അവൻ ജീവിക്കുന്നു, നിങ്ങളെ ജീവസ്സുറ്റവരായി കാണാൻ ആഗ്രഹിക്കുന്നു എന്നാണ്. സങ്കടത്താലും, വെറുപ്പിനാലും, ഭയത്താലും, സംശയങ്ങളാലും പ്രായമേറിയതായി തോന്നുമ്പോഴും ശക്തിയും പ്രത്യാശയും പകരാൻ അവനുണ്ടാകുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

കർത്താവ് ജീവിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നു. ഉത്ഥിതനായ അവിടത്തെ മുഖത്തെ പ്രകാശം അവൻ നമ്മെ കാണിക്കുന്നു. പരീക്ഷയിലും വേദനയിലും കണ്ണീരിലും കഴിയുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. തുടർച്ചയായ സംഘർഷങ്ങളിൽപെട്ട ഏറ്റവും സ്നേഹിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് പ്രത്യാശയായി അവൻ ജീവിക്കുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുള്ള ന്യായമായ ആവശ്യങ്ങളും, സമാധാനവും, നീതിയും സാധ്യമാക്കുന്ന മാനുഷികമായ പ്രതിസന്ധി തരണം ചെയ്യാൻ രാഷ്ട്രീയമായ ഒരു പരിഹാരത്തിന് വേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. അതിനുള്ള സമയം ആഗതമായിരിക്കുന്നു.

ഇത്തവണത്തെ ഉയിര്‍പ്പ് തിരുന്നാൾ തുടർച്ചയായ സംഘർഷങ്ങളിലും വിഭാഗീയതയിലുംപ്പെട്ട് ഉഴലുന്ന മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അവിടെയുള്ള ക്രൈസ്തവര്‍ ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടെ മരണത്തെ ജയിച്ചു ഉത്ഥിതനായ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്താതിരിക്കട്ടെ. യെമനിലെ ജനങ്ങളെയും, പ്രത്യേകിച്ച് പട്ടിണിയിലും, യുദ്ധത്തിലും പരീക്ഷണത്തിന് ഇരയായ കുട്ടികളെയും ഓര്‍ക്കുന്നു. സഹനങ്ങളെ നീക്കാനും സമാധാനത്തിന്‍റെയും, സ്ഥിരതയുടെയും ഒരു ഭാവി കെട്ടിപ്പടുക്കാൻ ഉത്ഥാനത്തിന്‍റെ തെളിച്ചം ഭരണകർത്താക്കളെയും മധ്യകിഴക്കൻ രാജ്യങ്ങളിലെയും, ഇസ്രായല്‍, പലസ്തീന്‍ ജനങ്ങളെയും പ്രബുദ്ധരാക്കട്ടെ.

ഈ കഴിഞ്ഞ ആഴ്ചകളിൽ നിസ്സഹായരായ ഒത്തിരിപേർ മരിക്കുകയും ധാരാളം കുടുംബങ്ങൾ തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടുകയും ചെയ്യേണ്ടിവന്ന ലിബിയയിലെ രക്തം ചിന്തുന്ന ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ. ദശവർഷങ്ങളായി തുടരുന്ന സംഘർഷത്തിനും രാഷ്ട്രീയമായ അസ്ഥിരതയ്ക്കും ഒരു അറുതിവരുത്തുവാൻ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും അടിച്ചമർത്തലിന് പകരം സമാധാന സംവാദത്തിന്‍റെ പാത സ്വീകരിക്കാൻ ഉദ്ബോധിപ്പിക്കുന്നു.

സാമൂഹികമായ സംഘർഷങ്ങളും, അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും അക്രമപരമായ തീവ്രവാദങ്ങളും ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും മരണവും വിളയാടുന്ന ബുർക്കിനാ ഫാസോ, മാലി, നൈജർ, നൈജീരിയ, കാമറൂൺ തുടങ്ങിയ ഏറ്റവും സ്നേഹിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ജീവിക്കുന്ന ക്രിസ്തു സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഈ സമയത്ത് എന്‍റെ ചിന്തകൾ സുഡാനിലേക്കും കടന്നുചെല്ലുന്നു. വളരെ നീണ്ട നാളുകളായി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കും നന്മയിലേക്കും ആ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാകട്ടെ എന്നും ആശംസിക്കുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് വത്തിക്കാനിൽ വന്ന് ധ്യാനിച്ചു പോയ തെക്കൻ സുഡാനിലെ രാഷ്ട്രീയ മത അധികാരികളോടൊപ്പം അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും ഫലം ഉണ്ടാക്കുവാനും ഉത്ഥിതനായ ക്രിസ്തു കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അവിടത്തെ എല്ലാ രാഷ്ട്രീയ സാമൂഹിക മത വിഭാഗങ്ങളും രാഷ്ട്രത്തിന്‍റെ അനുരജ്ഞനത്തിനും, പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും അങ്ങനെ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുവാൻ ഇടവരുത്തുകയും ചെയ്യുമാറാകട്ടെ. ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്ന സംഘർഷങ്ങളിൽ പെട്ടുഴലുന്ന കിഴക്കൻ യുക്രൈനിലെ ജനങ്ങളും ഈ ഈസ്റ്റർ ദിനത്തിൽ ആശ്വാസം കണ്ടെത്തട്ടെ.

അമേരിക്കൻ ഭൂഖണ്ഡത്തിലെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ ഫലങ്ങൾ അനുഭവിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഉത്ഥാനത്തിന്‍റെ സന്തോഷം നിറയട്ടെ. വളരെ പ്രത്യേകമായി അന്തസ്സോടെ ജീവിക്കാനും സുരക്ഷിതരായി ഇരിക്കാനും ഏറ്റവും അത്യാവശ്യമായവപോലും നിഷേധിക്കപ്പെടുന്ന വെനിസ്വേലയിലെ ജനങ്ങളെ ഓർമ്മിക്കുന്നു. രാഷ്ട്രീയമായ ഉത്തരവാദിത്വമുള്ള എല്ലാവരും സാമൂഹികമായ അനീതിയെ നിർമ്മൂലനം ചെയ്യുന്നതിനും അക്രമങ്ങളും ചൂഷണങ്ങളുമവസാനിപ്പിക്കുന്നതിനും നാട്ടിൽ സംഭവിച്ച വിഘടനങ്ങളെ സുഖപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ട അനുഗ്രഹം ദൈവം നല്‍കട്ടെ.

ജീവിക്കുന്ന കര്‍ത്താവായ ക്രിസ്തുവാണ് നമുക്കോരോരുത്തർക്കും,ലോകത്തിനു മുഴുവനും പ്രത്യാശയും യുവത്വവും നൽകുന്നതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. തുടര്‍ന്നു സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ ലക്ഷകണക്കിന് വിശ്വാസികള്‍ക്ക് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കി. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പാപ്പയുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് ഇന്നലെ ദണ്ഡവിമോചനത്തിന് അവസരമുണ്ടായിരിന്നു.


Related Articles »