News

ക്രൈസ്തവ നരഹത്യ: ഐ‌എസ് ഉത്തരവാദിത്വം ഏറ്റെടുത്തു: മരണം 321

സ്വന്തം ലേഖകന്‍ 23-04-2019 - Tuesday

കൊളംബോ: ലോകത്തെ നടുക്കി ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന സംഘടനയിൽപ്പെട്ട 7 ലങ്കൻ ചാവേറുകളാണു സ്ഫോടനപരമ്പര നടത്തിയതെന്നു സര്‍ക്കാര്‍ വക്താവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിന്നു. താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നോയെന്ന സംശയവും ഇവര്‍ ഉന്നയിച്ചിരിന്നു.

ഇതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 310 കവിഞ്ഞതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ അഞ്ഞൂറിലേറെപ്പേർ ചികിത്സയിലാണ്. ദേശീയ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഇന്നു രാവിലെ ശ്രീലങ്കയിൽ മൂന്നു മിനിറ്റ് മൗനം ആചരിച്ചു. രാവിലെ 8.30ന്, ഞായറാഴ്ച ആദ്യ ബോംബ് പൊട്ടിയ സമയത്താണ് മൗനാചരണം ആരംഭിച്ചത്. ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തിങ്കളാഴ്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരുത്തിയിരിന്നു.


Related Articles »