India - 2025
ലങ്കന്‍ ആക്രമണം: വേളാങ്കണ്ണി ദേവാലയത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
സ്വന്തം ലേഖകന്‍ 04-05-2019 - Saturday
വേളാങ്കണ്ണി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തിന്റെയും കുരിശടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാന ബസലിക്കയുടെ പ്രവേശനകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചും പള്ളിയുടെ മറ്റു കവാടങ്ങളില്‍ സായുധ സേനയെയും വിന്യസിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇത് കൂടാതെ താഴത്തെയും മുകളിലത്തെയും ബസലിക്കകള്‍, ഔര്‍ ലേഡി ടാങ്ക്, മോര്‍ണിംഗ് സ്റ്റാര്‍ പള്ളി, നടുത്തിട്ട് പള്ളി എന്നിവിടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
വിശേഷ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുര്‍ബാനകള്‍ നടക്കുന്ന സമയത്ത് പള്ളിക്കുള്ളിലും പരിസരത്തും പ്രത്യേക നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്. നിരീക്ഷണ കാമറകളുടെ സംവിധാനവും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമാക്കിയിട്ടുണ്ട്.തമിഴ്‌നാട് ഇന്റലിജന്‍സും വേളാങ്കണ്ണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ മാത്രമാണ് ഇപ്പോള്‍ പ്രധാന ബസലിക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.