News - 2025
ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നു: ഇറാനിലെ യാഥാര്‍ത്ഥ്യം 'വേദനയോടെ' അംഗീകരിച്ച് മന്ത്രി
സ്വന്തം ലേഖകന്‍ 06-05-2019 - Monday
ടെഹ്റാന്‍: കൊന്നൊടുക്കിയാലും തീവ്രമായി പീഡിപ്പിച്ചാലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും ഇരട്ടിയായി വളരുകയേയുള്ളൂ എന്ന ക്രിസ്തീയ ചരിത്ര യാഥാര്‍ത്ഥ്യം വേദനയോടെ അംഗീകരിച്ച് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി. തീവ്ര ഇസ്ലാമിക നിയമങ്ങളുള്ള ഇറാനില്‍ മുസ്ലിം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് അദ്ദേഹം തുറന്ന്‍ സമ്മതിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം വളരുന്നുവെന്ന് ഷിയാ മുസ്ലിം പുരോഹിതർക്കു മുന്നിൽ പ്രസംഗിക്കവേയാണ് അദ്ദേഹം 'ആശങ്ക'യോടെ പങ്കുവെച്ചത്.
നേരത്തെതന്നെ ഇറാനിൽ മുസ്ലീം മത വിശ്വാസികൾ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ മനസ്സിലുള്ള ആശങ്കയെ ലഘൂകരിക്കാനായി, മതം മാറുന്ന മുസ്ലീം മത വിശ്വാസികൾ സാൻവിച്ചോ അതിനു സമാനമായ സാധനങ്ങളോ വിൽക്കുന്നവരുമാണെന്ന വിചിത്ര വാദവും പ്രസംഗത്തിനിടയിൽ അദ്ദേഹം ഉന്നയിച്ചു. എന്തുകൊണ്ടാണ് അവർ മതം മാറുന്നതെന്ന്‍ ചോദിക്കുകയല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിൽ ഇല്ല. പലരും തന്നോടു പറയുന്നത് തങ്ങൾക്ക് സമാധാനം നൽകുന്ന ഒരു മതം വേണമെന്നാണെന്നും മഹമ്മുദ് അലവി വെളിപ്പെടുത്തി.
ഇസ്ലാമാണ് സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും മതമെന്ന് തങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ, തങ്ങളോട് മുസ്ലിം പള്ളികളിൽ പ്രസംഗിക്കുന്ന പുരോഹിതർ പരസ്പരം എതിർത്തു സംസാരിക്കുന്നതാണ് തങ്ങൾ കാണുന്നതെന്നും, ഇസ്ലാം സൗഹാർദ്ദത്തിന്റെയും, സമാധാനത്തിന്റെയും മതമാണെങ്കിൽ പുരോഹിതർ തമ്മിലല്ലേ ആദ്യം സൗഹാർദ്ദവും സമാധാനവും വേണ്ടതെന്ന് അവർ തിരിച്ചു ചോദിച്ചുവെന്നും മഹമ്മുദ് അലവി കൂട്ടിച്ചേര്‍ത്തു. ആളുകൾ ഇസ്ലാം മതത്തിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന സംഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ ഒരിക്കല്‍ കൂടി സ്ഥിരീകരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ക്രൈസ്തവ വിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്നു ഇറാൻ. ഓപ്പൺ ഡോർസ് സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ വിശ്വാസികളെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കുന്നതിൽ ഇറാൻ ഒമ്പതാം സ്ഥാനത്താണ്. ക്രൈസ്തവർക്ക് തങ്ങളുടെ വിശ്വാസം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തിന് തലവേദനയായപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്കു തടവ് ശിക്ഷ കൊണ്ടുവരാന്‍ രാജ്യത്തു നീക്കങ്ങള്‍ നടത്തിയിരിന്നു.