News - 2025
നൈജീരിയായില്‍ ഏപ്രില്‍ മാസം കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 04-05-2019 - Saturday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവരെന്ന് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്. ഫുലാനി ഗോത്രക്കാരുടേയും ബൊക്കോഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുമാണ് ആക്രമണത്തിന് പിന്നിലെന്ന് അനംബ്ര ആസ്ഥാനമായുള്ള ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ദി റൂള്‍ ഓഫ് ലോ’ എന്ന സന്നദ്ധ സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ നാലുമാസങ്ങളിലായി ഓരോ മാസവും ശരാശരി 180 മുതല്‍ 200 ക്രിസ്ത്യാനികളുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓരോ ദിവസവും 6-7 ക്രിസ്ത്യാനികള്‍ വീതം കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019-ലെ ആദ്യ നാലുമാസങ്ങളില്‍ മാത്രം 750-800 ക്രിസ്ത്യാനികളാണ് ഗോത്രവര്‍ഗ്ഗക്കാരുടേയും ജിഹാദി സംഘടനകളുടേയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തീവ്രവാദ സംഘടനയെന്ന വിളി പേരുള്ള നൈജീരിയയിലെ മിയെറ്റി അള്ളാ കാറ്റില്‍ ബ്രീഡേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട ഫുലാനി ഇസ്ലാമിക് മിലീഷ്യയാണ് ഇതില്‍ 500-600 ജീവനുകള്‍ ഇല്ലാതാക്കിയത്. ഇതിനു പുറമേ നിരവധി ദേവാലയങ്ങളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്. ബാക്കി 200 നിഷ്കളങ്ക ജീവനുകള്‍ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമിനും ഇസ്ലാമിക് സ്റ്റേറ്റിനുമാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് മാത്രം ഫുലാനി ഗോത്രക്കാരുടെ ആക്രമണത്തില്‍ 22 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 12-ന് ആനംബ്രയില്‍ 6 പേരുടെ മരണത്തിനും 30 പേരുടെ പരുക്കിനും ഇടയാക്കിയ ആക്രമണത്തിന്റെ പിന്നിലും ഇവരാണെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റാ മേഖലയില്‍ 11 പേരെ ഫുലാനി ഗോത്രക്കാര്‍ കൊലപ്പെടുത്തിയതായി പ്രമുഖ മാധ്യമമായ ‘ദി ഗാര്‍ഡിയ’നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നൈജീരിയയിലെ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയാകുന്നുവെന്നാണ് ഇന്റര്‍സൊസൈറ്റി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് രണ്ടായിരത്തിനാനൂറോളം ക്രൈസ്തവരെയാണ് ഫുലാനി ഗോത്രക്കാര്‍ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണക്കുകളില്‍, 2015 മുതല്‍ വെറും 980 ക്രിസ്ത്യാനികള്‍ മാത്രമാണെന്നാണു പറയുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന യാഥാര്‍ത്ഥ്യവും റിപ്പോര്‍ട്ടിലുണ്ട്.