News - 2025
റമദാനു ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ നടത്താന്‍ ഐഎസ് ഒരുങ്ങുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകന്‍ 08-05-2019 - Wednesday
മോസ്കോ: റമദാൻ മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവർക്കു നേരെ വ്യാപക ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ എന്ന യുദ്ധ ഗവേഷക സംഘടനയാണ് വളരെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ 250 ആളുകളെ ശ്രീലങ്കയിൽ വധിച്ചത് ആക്രമണ പരമ്പരയുടെ തുടക്കമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയും തുടർച്ചയായി ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷകരായ ബ്രാൻഡൻ വാലേസും ജെന്നിഫർ കഫറില്ലയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2014 മുതൽ ഇസ്ലാമിക് സ്റ്റേറ്റ് റമദാൻ മാസത്തിൽ പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതു പതിവാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍കാല ചരിത്രപശ്ചാത്തലത്തില്‍ പാശ്ചാത്യർക്കുള്ള ഒരു സന്ദേശം എന്ന നിലയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് അംഗം ബ്ലെയ്സ് മിസ്റ്റൾ പറഞ്ഞു. ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങൾക്കു ശേഷം, ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടിരുന്നു. 2014ൽ ഇറാഖിലെ അൽ നൂറി മോസ്കിൽ സ്വയം ഖലീഫയായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് ഐഎസ് തലവന്റെ വീഡിയോ പുറത്തുവരുന്നത്. വീഡിയോ സന്ദേശത്തിൽ ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങളെ ബാഗ്ദാദി അഭിനന്ദിച്ചിരിന്നു.