News - 2025
വീണ്ടും ക്രൈസ്തവ നരഹത്യ: ആഫ്രിക്കയില്‍ വൈദികനെയും അഞ്ചു വിശ്വാസികളെയും ഭീകരര്‍ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 13-05-2019 - Monday
ഡാബ്ലോ: ശ്രീലങ്കയിലെ ദേവാലയ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‌പേ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ രണ്ടാമതും ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഭീകരാക്രമണം. ഇന്നലെ ഞായറാഴ്ച വടക്കന്‍ ബുര്‍ക്കിനോഫാസോയിലെ ഡാബ്ലോയിലെ കത്തോലിക്ക പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികനെയും അഞ്ചു വിശ്വാസികളെയും ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 9നു മുപ്പതോളം ഭീകരരാണ് ആക്രമണം നടത്തിയത്. അക്രമത്തിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
വെടിവയ്പിനുശേഷം ഭീകരര്‍ പള്ളിക്കു സമീപത്തുള്ള നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും തീവച്ചു. ഭയചകിതരായ ജനങ്ങള്‍ വീടുകളില്‍ കഴിയുകയാണ്. രണ്ടാഴ്ച മുന്പ് വടക്കന്‍ ബുര്‍ക്കിനോഫാസോയിലെ സില്‍ഗാഡ്ജിയില്‍ പ്രൊട്ടസ്റ്റന്റ് പള്ളിക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ സുവിശേഷ പ്രഘോഷകനും ഒട്ടേറെ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ അല്‍-ഖ്വായിദ യുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സജീവമാണ്. 1.86 കോടി മാത്രം ജനസംഖ്യയുള്ള ചെറു രാജ്യമാണ് ബുര്‍ക്കിനോ ഫാസോ.