News - 2024

വേദപാഠ അധ്യാപക ശുശ്രൂഷയിൽ നിന്ന് വിരമിച്ച് മുന്‍ യു‌എസ് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 20-05-2019 - Monday

ജോർജിയ: മൂന്ന് പതിറ്റാണ്ടായുള്ള സൺഡേ സ്‌കൂൾ അധ്യാപക ശുശ്രൂഷയിൽനിന്ന് താത്ക്കാലികമായി വിരമിച്ച് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാർട്ടർ. പ്രായത്തെ വകവെക്കാതെ എതാണ്ട് മൂന്ന് പതിറ്റാണ്ടായി ജോർജിയയിലെ പ്ലെയിൻസ് മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വേദപാഠ അധ്യാപകനായിരുന്നു ജിമ്മി കാർട്ടർ. ഇപ്പോള്‍ 94 വയസുള്ള അദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഉണ്ടായ വീഴ്ചയിൽ ഇടുപ്പെല്ലിനു ഒടിവു പറ്റിയതിനെത്തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

ഈ സാഹചര്യത്തിലാണു സൺഡേ സ്‌കൂൾ അധ്യാപക ശുശ്രൂഷയിൽനിന്ന് താത്ക്കാലികമായി വിരമിച്ചത്. അതേസമയം കാർട്ടറുടെ ബന്ധു കിം ഫുള്ളർ അധ്യാപക ദൌത്യമേറ്റെടുത്തിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന ജിമ്മി അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു. 1977-1981 കാലയളവിലാണ് അദ്ദേഹം അമേരിക്കയെ നയിച്ചത്. ബാല്യകാലം മുതൽ യേശുവിലുള്ള വിശ്വാസത്തോട് ശക്തമായ ആഭിമുഖ്യം കാണിച്ചിരിന്ന അദ്ദേഹം ഞായറാഴ്ചകള്‍തോറുമുള്ള വേദപാഠക്ലാസുകളിൽ പഠിപ്പിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു.

രാഷ്ട്രപതിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ മടികാണിച്ചിരിന്നില്ല. 2002ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു. എന്തായാലും തങ്ങളുടെ പ്രിയ അധ്യാപകൻ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തണേ എന്ന പ്രാർത്ഥനയിലാണ് മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥീസമൂഹം.


Related Articles »