India - 2025

വ്യാജരേഖാ കേസില്‍ സത്യം പുറത്തുകൊണ്ടുവരണം: മീഡിയ കമ്മീഷന്‍

22-05-2019 - Wednesday

കാക്കനാട്: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചമയ്ക്കപ്പെട്ട വ്യാജരേഖ സംബന്ധിച്ച കേസില്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോമലബാര്‍ മീഡിയാ കമ്മീഷന്‍. വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി കഴിഞ്ഞദിവസം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രസ്തുത സമ്മേളനം വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശകലനം ചെയ്തു.

സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചത് എന്ന് യോഗം വിലയിരുത്തി. അതിനാല്‍ പ്രസ്തുത വ്യാജരേഖ നിര്‍മ്മിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ട് പോകണമെന്ന് യോഗം തീരുമാനിച്ചു. എറണാകുളം-അങ്കമാലി അതിരൂപത കഴിഞ്ഞദിവസം ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നതാണ് മാധ്യമ കമ്മീഷന്റെയും നിലപാട്.

ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിലെ സെര്‍വറില്‍ രേഖകള്‍ കണ്ടെത്തിയെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍, വ്യാജരേഖ കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. അസാധാരണ കാര്യങ്ങളാണ് വ്യാജരേഖകേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ സഭാംഗങ്ങള്‍ ജാഗ്രതയോടെയും അവധാനതയോടെയും കാര്യങ്ങള്‍ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

അനാവശ്യ പ്രതികരണങ്ങളിലൂടെ സഭയിലെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സീറോമലബാര്‍സഭയിലെ ഒരു രൂപതയില്‍ നടക്കുന്ന ഒറ്റപ്പെട്ട വിഷയത്തെ കത്തോലിക്കാസഭയുടെ മുഴുവന്‍ പ്രശ്‌നമായും, സഭയെ പിളര്‍പ്പിലേക്ക് നയിക്കുന്ന ഭിന്നതയായും ചിത്രീകരിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം വാര്‍ത്താ അവതരണശൈലി ബന്ധപ്പെട്ടവര്‍ തിരുത്തണം.

സഭയില്‍ കൂട്ടായ്മയും ഐക്യവും വളരുവാന്‍ വിശ്വാസിസമൂഹം ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കേണ്ട കാലമാണിത്. സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ നീക്കി സത്യം പുറത്തുവരുന്ന നാളുകള്‍ വിദൂരമല്ല എന്ന് പ്രത്യാശിക്കാം. നിലവിലുള്ള നിയമവ്യവസ്ഥിതിയും കുറ്റാന്വേഷണ സംവിധാനവും ഇതിന് സഹായകമാകുമെന്ന്‍ പ്രതീക്ഷിക്കുന്നതായി സീറോമലബാര്‍ മാധ്യമ കമ്മീഷന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.

More Archives >>

Page 1 of 245