News - 2024
നൈജീരിയയില്‍ 17 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകന്‍ 24-05-2019 - Friday
കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തു നിന്നും സുവിശേഷ പ്രഘോഷകന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. ‘വിന്നിംഗ് ഓള്‍’ ഇവാഞ്ചലിക്കല്‍ ദേവാലയത്തിലെ പാസ്റ്റര്‍ റവ. സക്കറിയ ഇഡോയും, അദ്ദേഹത്തിന്റെ മകളും ഉള്‍പ്പെടെ 17 ക്രൈസ്തവ വിശ്വാസികളെയാണ് ഫുലാനി ഇസ്ലാമിക ഗോത്ര തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ദേവാലയത്തില്‍ നടന്ന സംയുക്ത ഗാനശുശ്രൂഷയില്‍ പങ്കെടുത്ത വിശ്വാസികളെയാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ബന്ധപ്പെടുവാന്‍ കഴിഞ്ഞിട്ടില്ലെന്നും നൈജീരിയന്‍ പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രി നടന്ന സംയുക്ത ഗാനശുശ്രൂഷക്കിടെ ആയുധധാരികളായ മുപ്പതോളം ഫുലാനി തീവ്രവാദികള്‍ ദേവാലയം വളഞ്ഞു അതിക്രമിച്ചു കയറുകയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കടൂണയിലെ പ്രാദേശിക ഭരണസംവിധാനമായ ഇഗാബി ഭരണപരിധിയില്‍ വരുന്നതാണ് ബിര്‍നിന്‍ ഗ്വാരിയിലെ ഡാങ്കടെയിലുള്ള ‘വിന്നിംഗ് ഓള്‍’ ഇവാഞ്ചലിക്കല്‍ ദേവാലയം. ആഫ്രിക്കയില്‍ ക്രിസ്തുവിന്റെ വചനം എത്തിക്കുന്നതിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന സമൂഹമാണ് ഇവാഞ്ചലിക്കല്‍ സഭ. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ശക്തമായ വളര്‍ച്ചയാണ് ഇവാഞ്ചലിക്കല്‍ സമൂഹത്തിന് ആഫ്രിക്കയില്‍ ഉണ്ടായിട്ടുള്ളത്.
Gunmen in Nigeria reportedly kidnapped an evangelical pastor and 16 other Christians this week in an attack that also killed one person. https://t.co/qvoacujf3c
— CBN News (@CBNNews) May 23, 2019
അതേസമയം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ വലിയ രീതിയിലുള്ള ഇടപെടലാണ് ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനികള്‍ നടത്തുന്നത്. ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രൊജക്റ്റ് (ACLED) ന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞവര്‍ഷം മാത്രം ഏതാണ്ട് 1930 ക്രൈസ്തവരെയാണ് ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ സംഘടനയായ ബൊക്കോഹറാം നടത്തിയ കൊലപാതങ്ങളേക്കാള്‍ ആറിരട്ടിയാണിത്. ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നത് നൈജീരിയയില്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞുവെങ്കിലും, അന്താരാഷ്ട്ര സമൂഹവും നൈജീരിയന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.