India - 2025
മോദിക്ക് അഭിനന്ദനം അറിയിച്ച് സിബിസിഐ
സ്വന്തം ലേഖകന്‍ 27-05-2019 - Monday
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ഭാരതീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ കത്ത്. തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ നരേന്ദ്ര മോദിക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്ക്കും അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ് തയാറാക്കിയ കത്ത് ആരംഭിക്കുന്നത്.
സ്ഥിരതയുള്ള ഒരു സര്‍ക്കാരിനായാണ് ജനങ്ങള്‍ വോട്ടു ചെയ്തിരിക്കുന്നത്. പുതിയൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനുള്ള ആരോഗ്യവും കാര്യക്ഷമതയും ദൈവം നല്‍കട്ടെ. യുവാക്കള്‍ക്കു പ്രതീക്ഷയും സ്ത്രീകള്‍ക്ക് ഉന്നമനവും കര്‍ഷകര്‍ക്കു ക്ഷേമവും പകരുന്ന ഭരണത്തിലൂടെ സന്പത്ത് വ്യവസ്ഥയ്ക്കു കരുത്തു പകരാം. അതിനായി ഏവര്‍ക്കും ഒരുമിച്ചു പരിശ്രമിക്കാമെന്നും സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു.