News - 2024
സ്തുത്യര്‍ഹ സേവനത്തിനൊടുവില്‍ വിടവാങ്ങിയ കന്യാസ്ത്രീയെ സ്മരിച്ച് ഫിലിപ്പീന്‍സ് സഭ
സ്വന്തം ലേഖകന്‍ 03-06-2019 - Monday
മനില: ഫിലിപ്പീൻസില്‍ പാവപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിച്ച ഫ്രാൻസിസ്കൻ സമൂഹാംഗമായ കന്യാസ്ത്രീയെ സ്മരിച്ച് ഫിലിപ്പീന്‍സ് സഭ. ഇക്കഴിഞ്ഞ മാസം ഇന്തോനേഷ്യയിൽ വച്ച് അന്തരിച്ച സിസ്റ്റര്‍ ക്രെസെൻഷ്യ ലുസെരോ എന്ന കന്യാസ്ത്രീയെയാണ് മനിലയിലെ വിവിധ സംഘടനകളുടെയും സഭയുടെയും നേതൃത്വത്തിൽ സ്മരിച്ചത്. ഫിലിപ്പീന്‍സിന്റെ ചരിത്രത്തിൽ സിസ്റ്റര്‍ ക്രെസെൻഷ്യ പേരെഴുതി ചേർക്കപ്പെട്ടിരിക്കുന്നതായി 2009 മുതൽ സിസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരിന്ന ഫാ. ക്രിസ്ത്യൻ ബ്യൂനഫെ അഭിപ്രായപ്പെട്ടു. സമാധാനം, സാമൂഹ്യ നീതി, ജീവസംരക്ഷണം, പ്രകൃതി തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ചകൾക്ക് സിസ്റ്റര്‍ തയാറായിരുന്നില്ലായെന്നും ഫാ. ബ്യൂനഫെ കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ക്രെസെൻഷ്യ നിര്‍ധനര്‍ താമസിക്കുന്ന മേഖലയില്‍ ദേവാലയം നിർമ്മിക്കുന്ന തിരക്കിലായിരുന്നു. 2016ൽ ഫിലിപ്പീന്‍സ് ഭരണകൂടം അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ നടത്തിയ കടുത്ത നടപടിയില്‍ സമാധാന ശ്രമങ്ങൾക്കും മനുഷ്യാവകാശ സംരക്ഷണങ്ങൾക്കും സി. ലുസെരോ നിര്‍ണായകമായ ഇടപെടലാണ് നടത്തിയത്. പ്രകൃതിയുമായി സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുവാനും അവർ ഊന്നൽ നൽകി. ദൈവത്തിനായി ജീവിതം മാറ്റിവെച്ച സി. ലുസെരോ സഭയുടെ വാതിലുകൾ ആവശ്യക്കാർക്കായി തുറന്നു വെച്ച മഹാവ്യക്തിത്വമായിരുന്നുവെന്നു രാജ്യത്തെ റൂറൽ മിഷ്ണറി വക്താവായ ഫാ. ഒലിവർ കാസ്റ്റർ അനുസ്മരിച്ചു. ഫിലിപ്പീന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിസ്തുലമായ സേവനത്തിലൂടെ അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ച സിസ്റ്റര്‍ ക്രെസെൻഷ്യ ഇക്കഴിഞ്ഞ മെയ് പതിനഞ്ചിനു സ്ട്രോക്കിനെ തുടര്‍ന്നാണ് അന്തരിച്ചത്.