News - 2024

മരണപ്പെട്ട ഗ്വാഡലൂപ്പ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മെക്സിക്കന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 31-05-2019 - Friday

ഒറീസബാ: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസലിക്ക സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന തീര്‍ത്ഥാടകരടങ്ങിയ ബസ്സ്‌ കാര്‍ഗോ ട്രക്കുമായി കൂട്ടിയിടിച്ച് തീര്‍ത്ഥാടകര്‍ മരിച്ച സംഭവത്തില്‍ മെക്സിക്കന്‍ മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. വെരാക്രൂസ് സംസ്ഥാനത്തിലെ ഒറിസാബായില്‍ നിന്നും ഇരുപതു മൈല്‍ അകലെ മാല്‍ട്രാറ്റാ മുനിസിപ്പാലിറ്റിക്ക് സമീപം നാഷണല്‍ ഹൈവേയില്‍വെച്ച് ഇക്കഴിഞ്ഞ മെയ് 29-നാണ് അപകടം സംഭവിച്ചത്.ഏറ്റവും ചുരുങ്ങിയത് 21 പേര്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

ഏതാണ്ട് മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് അപകടത്തിനിരയായ സാന്‍ പെഡ്രോ ആന്‍ഡ്‌ സാന്‍ പാബ്ലോ ഇടവക വിശ്വാസികളുടെ ദുഃഖത്തിലും പ്രാര്‍ത്ഥനയിലും പങ്കുചേരുന്നുവെന്ന്‍ മെക്സിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് റൊഗേലിയോ കാബ്രെറ ലോപെസ് മെത്രാപ്പോലീത്ത അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പ്രാദേശിക ദേവാലയ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പരുക്കേറ്റവരെ എത്രയും പെട്ടെന്ന് സുരക്ഷിതമായി വീടുകളില്‍ എത്തിക്കുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിയാപാസ്സിലെ ടുക്സ്റ്റലാ അതിരൂപതയിലെ സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. അതേസമയം അപകടത്തില്‍ പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

More Archives >>

Page 1 of 455