News - 2024
മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയ നിലപാടുകളെ പിന്തുണച്ച് കർദ്ദിനാൾ മുള്ളർ
സ്വന്തം ലേഖകന്‍ 01-06-2019 - Saturday
റോം: ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടുകളെ പിന്തുണച്ച് വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാർദ് മുള്ളർ. സാൽവിനിയിലൂടെ യൂറോപ്യൻ യൂണിയന്‍ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങുകയാണെന്നും സാൽവിനിയുമായി സഭാ നേതൃത്വം കൂടുതൽ ചർച്ചകൾ നടത്തണമെന്നും യൂറോപ്പിനെയും, ഇറ്റലിയെയും അക്രൈസ്തവവത്ക്കരിക്കണമെന്ന് ആഗ്രഹമുള്ള രാജ്യങ്ങളുണ്ടെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു.
യൂറോപ്യൻ ഇലക്ഷനു മുമ്പ് നടന്ന പ്രചാരണ പരിപാടികൾക്കിടയിൽ യൂറോപ്പിന്റെ 6 സ്വർഗ്ഗീയ മധ്യസ്ഥരുടെ പേരുകൾ പറഞ്ഞ് അവരുടെ മാധ്യസ്ഥം സാൽവിനി തേടിയത് യൂറോപ്യൻ യൂണിയന്റെ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങിപ്പോകാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണെന്നാണ് കർദ്ദിനാൾ മുള്ളർ അഭിപ്രായപ്പെട്ടത്. നേരത്തെ യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ കൂറ്റൻ വിജയം നേടിയ ശേഷം വാർത്താസമ്മേളനത്തിനിടയിൽ ജപമാലയിൽ ചുംബിച്ച് സാൽവിനി ആഹ്ലാദം പ്രകടിപ്പിച്ചതു വാർത്തകളിൽ ഇടം നേടിയിരുന്നു.