News - 2024

'ഫാത്തിമായിലെ കുഞ്ഞ് വിശുദ്ധരുടെ' തിരുശേഷിപ്പുകള്‍ മോഷണം പോയി

സ്വന്തം ലേഖകന്‍ 01-06-2019 - Saturday

മിലാന്‍, ഇറ്റലി: ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനഭാഗ്യം ലഭിച്ച കുഞ്ഞ് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇറ്റലിയിലെ ദേവാലയത്തില്‍ നിന്നും മോഷണം പോയി. 2017-ല്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഫ്രാന്‍സിസ്കോ, ജസീന്ത മാര്‍ട്ടോ എന്നീ വിശുദ്ധരുടെ വസ്ത്രത്തിന്റെ ചെറിയ കഷണങ്ങള്‍ ഉള്‍പ്പെടുന്ന അമൂല്യ വസ്തുക്കളാണ് വെറോണയിലെ ജീസസ് ക്രൈസ്റ്റ് ഡിവൈന്‍ വര്‍ക്കര്‍ ഇടവക ദേവാലയത്തില്‍ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച മോഷണം പോയത്.

വിശ്വാസികളുടെ വണക്കത്തിന് വേണ്ടിയുള്ള തീര്‍ത്ഥാടന പര്യടനത്തിന്റെ ഭാഗമായാണ് തിരുശേഷിപ്പുകള്‍ വെറോണയിലെ ദേവാലയത്തിലെത്തിച്ചത്. അമൂല്യമായ തിരുശേഷിപ്പുകള്‍ മോഷണം പോയത് തന്നെ ഞെട്ടിച്ചുവെന്നും ഹൃദയഭേദകമായ കാര്യമാണെന്നും വെറോണയിലെ ദേവാലയ വികാരിയായ ഫാ. ആന്‍ഡ്രീ റോങ്കോണി പ്രതികരിച്ചു. ഫ്രാന്‍സിസ്കോ, ജസീന്ത മാര്‍ട്ടോയുടെ തിരുശേഷിപ്പുകള്‍ക്ക് പുറമേ ഫാത്തിമായിലെ കന്യകാമാതാവിന്റെ രൂപത്തില്‍ ചൂടിയിരുന്ന കിരീടത്തിന്റേയും, ജപമാലയുടേയും പതിപ്പുകളും മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.

More Archives >>

Page 1 of 456