News
‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ’ റാലി ഇന്ന്: പ്രാര്‍ത്ഥനയോടെ ചിക്കാഗോ
സ്വന്തം ലേഖകന്‍ 31-05-2019 - Friday
ചിക്കാഗോ: 'മദര്‍ ഓഫ് ചിക്കാഗോ' എന്ന പേരില്‍ പ്രശസ്തമായ ‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ’ തിരുരൂപവും വഹിച്ച് നടത്തുന്ന വിശ്വാസപ്രഘോഷണ മരിയന്‍ റാലിക്ക് അമേരിക്കന്‍ സംസ്ഥാനമായ ചിക്കാഗോ ഒരുങ്ങി. ഇന്ന് മെയ് 31 രാത്രി 7മണിക്ക് ചിക്കാഗോ അവന്യുവിൽ നിന്ന് ആരംഭിക്കുന്ന റാലി ന്നര കിലോമീറ്റർ മാറി വാട്ടർ ടവറിലാണ് സമാപിക്കുക. കുപ്പത്തൊട്ടിയിൽനിന്ന് തകർക്കപ്പെട്ട നിലയിൽ വീണ്ടെടുത്ത പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി നടത്തുന്ന പ്രദക്ഷിണമായതിനാലാണ് റാലിക്ക് ‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ റാലി’ എന്ന പേരു ലഭിച്ചത്.
ചിക്കാഗോയുടെ പല ഭാഗത്തുനിന്നുമുള്ള അയ്യായിരത്തിപ്പരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രദിക്ഷണത്തിൽ കത്തിച്ച മെഴുകുതിരികളുമായാണ് വിശ്വാസികൾ അണിചേരുന്നത്. റേഡിയോ പ്രക്ഷേപണങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച കെവിൻ മാത്യൂസാണ് തകർന്നുകിടന്ന മാതാവിന്റെ രൂപം കുപ്പതൊട്ടിയിൽനിന്ന് കണ്ടെത്തി ദേവാവാലയത്തിൽ എത്തിച്ച് അധികൃതരെ ഏൽപ്പിച്ചത്.
തന്റെ തകര്‍ന്ന ഹൃദയത്തെ ഉണക്കാൻ അരക്കുതാഴെ വെട്ടേറ്റ, കൈകൾ വിച്ഛേദനം ചെയ്യപ്പെട്ട തിരുരൂപത്തിലെ മാതാവിന് കഴിയുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തെ ആ രൂപം ദേവാലയത്തിൽ എത്തിക്കുവാന്‍ പ്രേരിപ്പിച്ചത്.
ഇന്ന് അനേകരാണ് 'തകര്‍ന്ന മാതാവിന്റെ' മാധ്യസ്ഥം തേടി സെന്‍റ് ജോണ്‍ കന്‍ഷ്യസ് ദേവാലയത്തിൽ എത്തുന്നത്. അതേസമയം അക്രൈസ്തവരായ സഹോദരങ്ങളും ഇന്നത്തെ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു റാലി കോർഡിനേറ്റർ ഫാ. ജോഷ്വാ കാസ്‌വെൽ പ്രതികരിച്ചു.