News

ആശുപത്രിയില്‍ തിരുപ്പട്ടം സ്വീകരിച്ച വൈദികന്റെ ആശീര്‍വ്വാദം തേടി പോളിഷ് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

വാര്‍സോ: കാന്‍സർ രോഗ ബാധയെ തുടര്‍ന്നു ആശുപത്രിയില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു ലോക ശ്രദ്ധയാകര്‍ഷിച്ച വൈദികനെ കാണാന്‍ പോളിഷ് പ്രസിഡന്‍റ് നേരിട്ട് എത്തി. ടെർമിനൽ കാൻസർ മൂർച്ഛിച്ചതു മൂലം ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നീട് വത്തിക്കാന്റെ അനുമതിയോടെ വൈദിക പട്ടം സ്വീകരിക്കുകയും ചെയ്ത 'സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്’ സന്യാസ സമൂഹാംഗമായ ഫാ. മൈക്കിൾ ലോസിനെ കാണാനാണ് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡ നേരിട്ടെത്തിയത്. ജൂൺ ഏഴാം തീയതി വൈദികന്റെ പിറന്നാൾ ദിനത്തില്‍ തന്നെയാണ് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

വൈദികന്റെ മുപ്പത്തിയൊന്നാം ജന്മദിനമായിരിന്നു ഇന്നലെ. ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കത്തോലിക്ക വിശ്വാസിയായ പ്രസിഡന്‍റ് വൈദികന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥന യാചിച്ചു. കൈകള്‍ പ്രസിഡന്റിന്റെ തലയില്‍വെച്ചു ഫാ. മൈക്കിൾ പ്രാര്‍ത്ഥിച്ചു. തികച്ചും അപ്രതീക്ഷിതമായി നടന്ന പ്രസിഡന്റിന്റെ സന്ദര്‍ശനം 'സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്' ഫേസ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. പിറന്നാൾ ആഘോഷിക്കാൻ പ്രസിഡന്‍റ് ആശുപത്രിയിൽ എത്തിയപ്പോള്‍ കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരിന്നു.

ഒരു മാസം മുൻപാണ് ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന ഫാ. മൈക്കിൾ ലോസിനു കാൻസർ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർത്ഥിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാഴ്സോ-പ്രാഗ് രൂപത വത്തിക്കാന്‍ തലത്തില്‍ ഇടപെട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുമതി നല്‍കുകയായിരിന്നു. തുടര്‍ന്നു ഇക്കഴിഞ്ഞ മേയ് 24നു ഓങ്കോളജി വാർഡിലെ കിടക്കയില്‍വച്ച് അദ്ദേഹം ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചു സ്വീകരിച്ചു. വൈദികന്റെ വിശ്വാസ സാക്ഷ്യം ലോകത്തെ മുന്‍നിര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിന്നു.

More Archives >>

Page 1 of 459