News - 2024
ഗര്‍ഭഛിദ്രത്തെ പിന്തുണച്ചവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല: ഉത്തരവുമായി സ്പ്രിംഗ്ഫീല്‍ഡ് മെത്രാന്‍
സ്വന്തം ലേഖകന്‍ 08-06-2019 - Saturday
സ്പ്രിംഗ്ഫീല്‍ഡ്, ഇല്ലിനോയിസ്: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കത്തോലിക്കാ നിയമസഭാംഗങ്ങള്‍ക്കു ദിവ്യകാരുണ്യ സ്വീകരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സ്പ്രിംഗ്ഫീല്‍ഡ് രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ് പാപ്രോക്കി. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്ത കത്തോലിക്കരായ നിയമസാമാജികര്‍ തന്റെ രൂപതയില്‍ ദിവ്യകാരുണ്യ സ്വീകരണത്തിനായി വരരുതെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതില്‍ നിന്നും തന്റെ രൂപതയിലെ പുരോഹിതരേയും അദ്ദേഹം വിലക്കിയിട്ടുണ്ട്.
ഹൗസ് ബില്‍ 40, റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് (സെനറ്റ് ബില്‍ 25) തുടങ്ങിയ ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന ബില്ലുകള്‍ നിയമമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കത്തോലിക്കരായ ഇല്ലിനോയിസ് സംസ്ഥാന പ്രസിഡന്റ് ജോണ്‍ കുള്ളര്‍ട്ടണ്‍, ഹൗസ് സ്പീക്കര്‍ മൈക്കേല്‍ ജെ. മാഡിഗന്‍ എന്നിവര്‍ അബോര്‍ഷന്‍ എന്ന മാരകപാപത്തെ പ്രോത്സാഹിപ്പിച്ചുവെന്നും കാനോന്‍ നിയമം 915 അനുസരിച്ച് ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയില്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും അവരെ വിലക്കുന്നുവെന്നും ജൂണ്‍ 2-ന് ബിഷപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
തങ്ങള്‍ ചെയ്ത മാരക പാപത്തെക്കുറിച്ചോര്‍ത്ത് അനുതപിക്കുകയും, വേണ്ട പാപപരിഹാര പ്രവര്‍ത്തികള്‍ ചെയ്യുകയോ, അല്ലെങ്കില്‍ അങ്ങനെ വാഗ്ദാനം ചെയ്യുന്നപക്ഷം തന്റേയോ തന്റെ പിന്‍ഗാമിയുടേയോ തീര്‍പ്പനുസരിച്ച് മാത്രമേ ഇവര്‍ക്ക് വീണ്ടും ദിവ്യകാരുണ്യ സ്വീകരണം സാധ്യമാവുകയുള്ളുവെന്നും മെത്രാന്റെ ഉത്തരവിലുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങളുടെ പേരിലുള്ള രോഷപ്രകടനത്തിന്റെ പിന്നിലുള്ള അതേവികാരം തന്നെയാണ് നിഷ്കളങ്കരായ കുരുന്നുകളെ കൊന്നൊടുക്കുന്ന അബോര്‍ഷന്റെ കാര്യത്തിലും സഭ പുലര്‍ത്തുന്നതെന്ന്‍ ബിഷപ്പ് ജൂണ്‍ 6നു പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു.
അബോര്‍ഷനെ മൗലീക അവകാശമായി പരിഗണിക്കുന്ന സെനറ്റ് ബില്‍ 25 എന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ബില്‍ കഴിഞ്ഞ ആഴ്ചയാണ് ഇല്ലിനോയിസ് സംസ്ഥാന ഹൗസും, സെനറ്റും പാസ്സാക്കി ഗവര്‍ണറിന്റെ ഒപ്പിനായി അയച്ചത്. ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്കര്‍ ബില്ലില്‍ ഉടനെ ഒപ്പുവെച്ചേക്കും. കുള്ളര്‍ട്ടണും, മാഡിഗനുമാണ് മനുഷ്യത്വരഹിതമായ ബില്‍ പാസ്സാക്കുവാന്‍ ഇടപെടല്‍ നടത്തിയത്. ബില്‍ നിയമമാകുന്നതോടെ ഇല്ലിനോയിസില്‍ ഗര്‍ഭഛിദ്രം ഒരു ക്രിമിനല്‍ കുറ്റമല്ലാതാകും. ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട ഇല്ലിനോയിസ് സെനറ്റര്‍ ഡിക്ക് ഡര്‍ബിനേയും കഴിഞ്ഞ വര്‍ഷം ബിഷപ്പ് പാപ്രോക്കി ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും വിലക്കിയിരുന്നു.