News - 2024

പ്രോലൈഫ് റാലിക്കിടെ അബോര്‍ഷന്‍ അനുകൂലികളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 12-06-2019 - Wednesday

ബോസ്റ്റണ്‍: അമേരിക്കയിലെ മസാച്ചുസെറ്റ്സില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കു നേരെ അബോര്‍ഷന്‍ അനുകൂലികളുടെ പരാക്രമണം. അബോര്‍ഷന്‍ അനുകൂലികള്‍ തന്നെ തള്ളിയിട്ടതായും, പ്രഭാഷണം നടത്തുവാന്‍ എത്തിയിരുന്ന ആളിന്റെ മേല്‍ മൂത്രം കുപ്പിയിലാക്കി എറിഞ്ഞതായും മസാച്ചുസെറ്റ്സ് സിറ്റിസണ്‍സ് ഫോര്‍ ലൈഫ് കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ഡയറക്ടറായ സി.ജെ. വില്ല്യംസ് പറഞ്ഞു. അതേസമയം സംഘര്‍ഷമുണ്ടാക്കിയ കുറ്റത്തിന് ഏഴു അബോര്‍ഷന്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മസാച്ചുസെറ്റ്സ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിന്നു. ഏതാണ്ട് അറുന്നൂറോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. 'അബോര്‍ഷന്‍ അവസാനിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കൂ' എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചുകൊണ്ടായിരിന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. സംഗീതവും, പ്രസംഗങ്ങളുമായി വളരെ സമാധാനപൂര്‍ണ്ണമായി നടന്ന പരിപാടി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബോര്‍ഷന്‍ അനുകൂലികള്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. അവര്‍ ഉണ്ടാക്കിയ ശബ്ദകോലാഹലം മൂലം പ്രസംഗങ്ങള്‍ തടസ്സപ്പെട്ടു. അബോര്‍ഷന്‍ അനുകൂലികളുമായി തുറന്ന സംവാദത്തിനു പ്രോലൈഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും അവര്‍ തയ്യാറായില്ല.

ലൗവ്‌ ഇന്‍ ആക്ഷന്‍ എന്നതായിരുന്നു ഇക്കൊല്ലത്തെ മസാച്ചുസെറ്റ്സ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. റാലിയില്‍ പങ്കെടുത്ത ചിലര്‍ അബോര്‍ഷന്‍ നിരോധിക്കുന്നതിനായി മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതും കാണാമായിരുന്നു. മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ അബോര്‍ഷന്‍ അനുകൂല ബില്ലായ S1209 ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കൊല്ലത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി സംഘടിപ്പിച്ചത്. അടുത്തകാലത്ത് നടന്ന അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും S1209 ബില്ലിനെതിരായാണ് വോട്ട് ചെയ്തതതെന്ന് മസാച്ചുസെറ്റ്സ് സിറ്റിസണ്‍സ് ഫോര്‍ ലൈഫിന്റെ മിര്‍നാ മലോണി ഫ്ലിന്‍ പറഞ്ഞു.

More Archives >>

Page 1 of 460