News - 2024
കരിസ്മാറ്റിക്ക് വിശ്വാസികള്‍ വത്തിക്കാനില്‍ ഒന്നിച്ചു: 'കാരിസ്' പ്രാബല്യത്തിൽ
സ്വന്തം ലേഖകന്‍ 10-06-2019 - Monday
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസ് (കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) പന്തക്കുസ്താ തിരുനാളിൽ ഔദ്യോഗികമായി നിലവിൽ വന്നു. ഏകീകരിച്ച കരിസ്മാറ്റിക് കൂട്ടായ്മ ഔദ്യോഗികമായി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിൽ എത്തിയത്.
നമ്മൾ വലിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പുതിയ നവീകരണങ്ങളിലൂടെ പറയാൻ ശ്രമിക്കുകയാണെന്നും നമ്മൾ നമ്മളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ ദൈവരാജ്യം പണിയാൻ വേണ്ടി നമുക്ക് ഒത്തൊരുമിക്കാമെന്നും കാരിസിന്റെ നേതൃനിരയിലുളള വടക്കേ അമേരിക്കയിൽ നിന്നുള്ള രണ്ട് പ്രതിനിധികളിൽ ഒരാളായ അമേരിക്കയിലെ ഒറിഗൺ രൂപതയുടെ ഓക്സിലറി ബിഷപ്പ് പീറ്റർ സ്മിത്ത് പറഞ്ഞു.
കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ ആളുകളുടെ വിശ്വാസജീവിതം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരിസിന് നിയമപരമായി കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ മേൽ അവകാശങ്ങൾ ഒന്നുമില്ലെങ്കിലും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ ഉള്ളവർക്ക് രൂപീകരണവും, മറ്റ് ഉപദേശങ്ങളും നൽകും. നമ്മുടെ തന്നെ ചിന്താഗതികളുമായി മുന്നോട്ടു പോകുന്നതിനേക്കാൾ നമ്മൾ സഭയ്ക്ക് സേവനം നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കാരിസിന്റെ മോഡറേറ്ററായ ജിയാൻ ലൂക്ക് മോയിൻസ് പറഞ്ഞു.
അല്‍മായർക്കും കുടുംബത്തിനും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ കീഴിലായിരിക്കും കാരിസ് പ്രവര്‍ത്തിക്കുക. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലെ മൂവായിരത്തോളം ആളുകളാണ് ഫ്രാന്‍സിസ് പാപ്പയെ പോള്‍ ആറാമന്‍ ഹാളില്‍ സന്ദര്‍ശിച്ചത്. ലോകത്തെമ്പാടും 100 മുതൽ 112 മില്യൺ വരെ വിശ്വാസികള്‍ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇതിലേറെയും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമാണ്.