News - 2024
എൽജിബിടി: സഭയുടെ പാരമ്പര്യം ആവർത്തിച്ച് വത്തിക്കാൻ രേഖ
സ്വന്തം ലേഖകന്‍ 12-06-2019 - Wednesday
വത്തിക്കാൻ സിറ്റി: പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്നും, എൽ.ജി.ബി.ടി ചിന്താഗതികൾ വെറും പൊള്ളയാണെന്നുമുളള കാലാകാലങ്ങളായുള്ള കത്തോലിക്കാസഭയുടെ പഠനം ആവർത്തിച്ച് വ്യക്തമാക്കി പുതിയ വത്തിക്കാൻ രേഖ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുതിയ രേഖ പുറത്തുവിട്ടത്.
"പുരുഷനും, സ്ത്രീയുമായി അവരെ ദൈവം സൃഷ്ടിച്ചു" എന്ന് പേരിട്ടിരിക്കുന്ന വത്തിക്കാൻ രേഖയിൽ ഒപ്പുവച്ചിരിക്കുന്നത് പ്രസ്തുത തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജുസപ്പേ വെർസാൽഡിയും, ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻസെൻസൊ സാനിയും ചേർന്നാണ്. ലിംഗ മാറ്റമെന്നത് അസാധ്യമാണെന്ന് രേഖയിൽ വ്യക്തമാക്കുന്നു. എൽ.ജി.ബി.ടി ചിന്താഗതികൾ ആളുകൾ തമ്മിലുള്ള വ്യക്തിപരമായ ആകർഷണത്തിനു മാത്രമേ പ്രാധാന്യം നൽകുന്നുള്ളൂവെന്നും രേഖ ഓർമ്മപ്പെടുത്തുന്നുണ്ട്.
ലിംഗ വ്യത്യാസങ്ങളും, പ്രത്യുത്പാദനം അടക്കമുള്ള കുടുംബ ജീവിതത്തിലെ അതീവ പ്രാധാന്യമേറിയ കാര്യങ്ങളും എൽജിബിടി വാദഗതിക്കാർ കണക്കിലെടുക്കുന്നില്ലായെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. അതേസമയം വത്തിക്കാൻ രേഖ പുറത്തിറങ്ങിയതിനു പിന്നാലെ അതിനെ എതിർത്ത് ലിബറൽ മാധ്യമങ്ങളും, ലിബറൽ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പുറകോട്ടുള്ള ചുവടുവെപ്പ് എന്നാണ് ന്യൂയോർക്ക് ടൈംസ് മാധ്യമം പ്രസ്തുത രേഖയെ വിശേഷിപ്പിച്ചത്.
ന്യൂ വേയ്സ് മിനിസ്ട്രി എന്ന കത്തോലിക്കാ സഭ വിലക്കിയ പ്രസ്ഥാനവും, അമേരിക്കയിലെ ലിബറൽ കത്തോലിക്ക പ്രസിദ്ധീകരണമായ അമേരിക്ക മാഗസിനും പുതിയ രേഖയെ വിമർശിച്ച് രംഗത്ത് വന്നു. സ്വവർഗ്ഗാനുരാഗത്തെ പിന്തുണക്കുന്ന ഈശോസഭാ വൈദികനായ ഫാ. ജെയിംസ് മാർട്ടിൻ സഭയുടെ പാരമ്പര്യത്തെ പിന്തുണച്ചുള്ള രേഖക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. പഠനം ശാസ്ത്രീയമല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ലൈംഗീകതയെ സംബന്ധിച്ച കത്തോലിക്ക സഭയുടെ പഠനങ്ങൾ തികച്ചും ശാസ്ത്രീയപരമാണെന്നാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്.