News - 2024
പൗരോഹിത്യ വിളിയ്ക്കു ആദ്യ പ്രത്യുത്തരം നൽകി സുഡാനിലെ തംബുര -യംബിയോ രൂപത
സ്വന്തം ലേഖകന്‍ 15-06-2019 - Saturday
യംബിയോ: നീണ്ട കാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ തംബുര -യംബിയോ രൂപതയിൽ നിന്നും ആദ്യമായി തിരുപ്പട്ടം സ്വീകരണം. ജൂൺ ഏഴിന് യംബിയോ സെന്‍റ് ജോൺ പോൾ സെമിനാരിയിൽ നടന്ന ശുശ്രുഷയിൽ ഒരു വൈദികനും ഏഴു ഡീക്കന്മാരുമാണ് അഭിഷിക്തരായത്. നിലവില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നത് മറ്റ് രൂപതകളില്‍ നിന്നും വിദേശത്തു നിന്നും വന്നിട്ടുള്ള വൈദികരാണ്. വിശ്വാസം പ്രവർത്തിയിൽ കൊണ്ടുവരാൻ എല്ലാ സഭാമക്കൾക്കും പ്രചോദനമാണ് അവരുടെ സാക്ഷ്യമെന്നു രൂപത മെത്രാൻ മോൺ. എഡ്‌വേർഡോ ഹിയബോറോ കുസാല അഭിപ്രായപ്പെട്ടു. തെക്കൻ സുഡാൻ സഭയുടെ വളർച്ചയുടെ ഭാഗമാണ് രൂപതയിൽ നിന്നുള്ള ദൈവവിളിയെന്നും അത് ദൈവികദാനമായി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ സുഡാനിന്റെയും കോംഗോയുടെയും അതിർത്തി പ്രദേശമായ തംബുര - യംബിയോ രൂപതയിൽ ഇരുപത്തിയേഴു ഇടവകകളാണുള്ളത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന്റെ വേദനകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സമൂഹം കൂടിയാണ് പ്രദേശത്തെ ക്രൈസ്തവർ. പ്രദേശവാസികളുടെയും അഭയാർത്ഥികളുടെയും പുനരധിവാസത്തിനും ഇതര ഉന്നമനത്തിനും വേണ്ടിയാണ് യുഎസ് എയിഡിനൊപ്പം ചേര്‍ന്ന് സഭാനേതൃത്വം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിൽ രൂപതയില്‍ ആദ്യമായി നടന്ന പൗരോഹിത്യ സ്വീകരണം ദൈവജനത്തിനു ലഭിച്ച അനുഗ്രഹമാണെന്നു ടോലേഡോ രൂപതയിലെ ഫാ. ക്രിസ്റ്റഫർ ഹാർട്ടലി പറഞ്ഞു.