News - 2024

വെസ്റ്റ്‌ ബാങ്കിലെ ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറയുന്നു

സ്വന്തം ലേഖകന്‍ 13-06-2019 - Thursday

റാമള്ള: ജോർദാനിനും ഇസ്രായേലിനും ഇടയിലെ അതിർത്തി രേഖയായ വെസ്റ്റ്‌ ബാങ്കില്‍ ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറയുന്നതായുള്ള റിപ്പോര്‍ട്ട് ആശങ്കക്ക് ഇടയാക്കുന്നു. ഫത്താ സമിതി അംഗവും, ജെറുസലേമിനും വിശുദ്ധ സ്ഥലങ്ങള്‍ക്കും വേണ്ടിയുള്ള പലസ്തീനിയന്‍ ഇസ്ലാമിക്-ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയുമായ ഹന്നാ ഇസ്സ ഒപ്പിട്ട സംക്ഷിപ്ത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചത്. വെസ്റ്റ്‌ ബാങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നതിന്റെ പ്രധാന കാരണമായ കുടിയേറ്റ വര്‍ദ്ധനവിന്റെ രാഷ്ട്രീയവും, സാമ്പത്തികവുമായ കാരണങ്ങളെക്കുറിച്ചും ഹന്നാ ഇസ്സാ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.

നാബ്ലസില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ വടക്ക് ഭാഗത്തായുള്ള അറബ് നഗരമായ ജെനിനിലെ ജനസംഖ്യ 70,000 മാണ്. എന്നാല്‍ ഇവിടുത്തെ ക്രൈസ്തവരുടെ എണ്ണമാകട്ടെ വെറും 130 മാത്രമാണ്. 45,000 ജനസംഖ്യയുള്ള പടിഞ്ഞാറന്‍ മറ്റൊരു അറബ് നഗരമായ ടുബാസിലാകട്ടെ വെറും 45 ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. മറ്റൊരു പലസ്തീന്‍ നഗരമായ ബുര്‍ക്കിനില്‍ ക്രിസ്ത്യാനികളുടെ എണ്ണം ഏഴുപതില്‍ താഴെ മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ശതമാനം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഡെയിര്‍ ഗസാലേയില്‍ ഇപ്പോള്‍ വെറും 4 ക്രൈസ്തവര്‍ മാത്രമാണ് മാമ്മോദീസ സ്വീകരിച്ചവരായി ഉള്ളത്.

വിവിധ മതവിഭാഗങ്ങള്‍ക്കടിയില്‍ സമത്വം ഉറപ്പുവരുത്തുക എന്നതാണ് പലസ്തീനിയന്‍ നാഷണല്‍ പ്രൊജക്റ്റിന്റെ ലക്ഷ്യമെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്നു പലസ്തീനിയന്‍ സമൂഹത്തില്‍ ഉണ്ടായ വിഭാഗീയതക്കും, ക്രിസ്ത്യന്‍ സമൂഹങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തിനും കാരണമായ സാഹചര്യങ്ങളെ പരിഹരിക്കണമെന്നും ഭരണനേതൃത്വം ഇതിനായി ശ്രദ്ധ ചെലുത്തണമെന്നും അഭ്യര്‍ത്ഥിച്ചാണ് ഹന്നാ ഇസ്സായുടെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

More Archives >>

Page 1 of 460