News - 2024

ലീ ഷരീബുവിന്റെ മോചനത്തിനായി ട്രംപിന്റെ സഹായം തേടി അമ്മ അമേരിക്കയില്‍

സ്വന്തം ലേഖകന്‍ 16-06-2019 - Sunday

വാഷിംഗ്‌ടണ്‍ ഡി‌സി: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ബൊക്കോഹറാമിന്റെ തടവില്‍ കഴിയുന്ന നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലീ ഷരീബുവിന്റെ മോചനത്തിനായി ട്രംപിന്റെ സഹായം തേടി അമ്മ. മോചനത്തിനായി നൈജീരിയന്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന്‍ അഭ്യര്‍ത്ഥിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനുള്ള അപേക്ഷയുമായി ലീയുടെ അമ്മ റെബേക്ക അമേരിക്കയിലെത്തിയത്.

“ഞാന്‍ റെബേക്ക ഷരീബു, ദയവായി എന്നെ സഹായിക്കണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്റിനോട് അപേക്ഷിക്കുവാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്”. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിലെ യാഥാസ്ഥിതിക പൊതുനയങ്ങളുടെ പ്രചാരണത്തിനായി നിലകൊള്ളുന്ന കണ്‍സര്‍വേറ്റീവ് തിങ്ക് താങ്ക് ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ആ അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. സംസാരിക്കുന്നതിനിടെ കരയുവാന്‍ തുടങ്ങിയ റെബേക്കയെ അവള്‍ക്ക് വേണ്ടി തര്‍ജ്ജമ ചെയ്യുവാനെത്തിയിരുന്ന ഗ്ലോറിയ പുല്‍ഡു ആശ്വസിപ്പിച്ചു.

ലീയുടെ മോചനത്തിന് തന്നെക്കൊണ്ടാവും വിധം ശ്രമിക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി പലതവണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മകളുടെ മോചനത്തെക്കുറിച്ച് നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ഒന്നും തന്നെ കേട്ടിട്ടില്ലെന്നും പാനല്‍ ചര്‍ച്ചയില്‍ റെബേക്ക വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ റെബേക്ക പ്രസ്സ് കോണ്‍ഫ്രന്‍സ് വിളിച്ചു ചേര്‍ത്തുകൊണ്ട് കുട്ടിയുടെമോചനത്തിനായി ശ്രമിക്കണമെന്ന് നൈജീരിയന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നുവെന്ന് പുല്‍ഡു പരിഭാഷപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തിനു ശേഷം മകളുടെ മോചനത്തിനാവശ്യമായത് ചെയ്യാമെന്ന് ബുഹാരി ഷരീബുവിനു വാക്ക് കൊടുത്തിരുന്നു. എന്നാല്‍ ഇതിനു ശേഷം 3 മന്ത്രിമാരെ ഡാപ്പാച്ചിയിലേക്ക് അയച്ചതല്ലാതെ ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ഇതിനിടെ ലീയുടെ മോചനത്തിനായി തീവ്രവാദികള്‍ 27.5 കോടി ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു. മുന്‍ കോണ്‍ഗ്രസ്സ് അംഗവും നീണ്ടകാലം മതസ്വാതന്ത്ര്യ വക്താവുമായിരുന്ന ഫ്രാങ്ക് വൂള്‍ഫും പാനല്‍ ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 16 വയസ്സ് തികഞ്ഞ ലീ ഷരീബു യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 2018 മുതല്‍ ബൊക്കോ ഹറാമിന്റെ തടവിലാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നുമാണ് ബൊക്കോഹറാം തീവ്രവാദികള്‍ ലീ ഷരീബു അടക്കമുള്ള നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയത്. എല്ലാവരെയും പിന്നീട് മോചിപ്പിച്ചെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാല്‍ ലീ ഷരീബുവിനെ തടങ്കലിലാക്കുകയായിരിന്നു.

More Archives >>

Page 1 of 461