News - 2024
സുരക്ഷക്കു നടുവില്‍ നോട്രഡാം കത്തീഡ്രലില്‍ വീണ്ടും ബലിയര്‍പ്പണം
സ്വന്തം ലേഖകന്‍ 17-06-2019 - Monday
പാരീസ്: അഗ്നിബാധയില്‍ കനത്ത നാശം നേരിട്ട പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ രണ്ടു മാസത്തിന് ശേഷം വീണ്ടും ബലിയര്‍പ്പണം. കഴിഞ്ഞ ശനിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പാരീസ് ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഓപെറ്റിറ്റ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദേവാലയത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും തകര്‍ന്ന് വീഴാനുള്ള സാധ്യത ഏറെയാണെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഫ്രാങ്ക് റിഎസ്റ്റര്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മെറ്റ് ധരിച്ചാണ് വിശ്വാസികളും വൈദികരും ബലി അര്‍പ്പണത്തില്‍ പങ്കെടുത്തത്. കത്തീഡ്രലിലിന്റെ കിഴക്കു ഭാഗത്തുള്ള കന്യാമറിയത്തിന്റെ ചാപ്പലിലാണ് ദിവ്യബലി അര്‍പ്പണം നടന്നത്. പുരോഹിതരും കത്തീഡ്രലിലെ ജോലിക്കാരും അടക്കം മുപ്പതോളം പേരുമാണ് ദിവ്യബലിയില്‍ പങ്കെടുത്തത്. ഫ്രഞ്ച് കത്തോലിക്ക ടെലിവിഷന്‍ നെറ്റ്വര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.