News - 2024

സിറിയയിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ തീവ്രവാദി ആക്രമണം

സ്വന്തം ലേഖകന്‍ 13-07-2019 - Saturday

ക്വാമിഷ്ലി: സിറിയൻ നഗരമായ ക്വാമിഷ്ലിയിലെ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 10 ക്രൈസ്തവ വിശ്വാസികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. സംഭവസ്ഥലത്തു നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പ്രകാരം കാർ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്സാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുർദിഷ് സൈന്യത്തിന്റെ കീഴിലുള്ള ക്വമ്മിഷ്ലിയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാണ്.

2016 ജൂൺ പത്തൊമ്പതാം തീയതി തലനാരിഴയ്ക്കാണ് സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ മാർ ഇഗ്നേഷ്യസ് അപ്രേം രണ്ടാമൻ തീവ്രവാദി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. 1915-ൽ ഓട്ടോമൻ തുർക്കികൾ ക്രൈസ്തവർക്ക് നേരെയും, അസീറിയക്കാർക്ക് നേരെയും നടത്തിയ അസീറിയൻ വംശഹത്യ എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ സ്മരണ ആചരിച്ച ദിവസം പാത്രിയാർക്കീസ് അപ്രേം രണ്ടാമൻ കുർബാന അർപ്പിക്കുന്ന ദേവാലയത്തിലേക്ക് ചാവേർ കടന്നു കയറാൻ ശ്രമിച്ചു. എന്നാൽ തീവ്രവാദിയെ അകത്തേക്ക് കടത്തി വിടാത്തതു മൂലം, ഗേറ്റിന് വെളിയിൽ വെച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

More Archives >>

Page 1 of 469