India - 2025
ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
15-07-2019 - Monday
തിരുവനന്തപുരം: നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരാല്‍ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ കബറിടം നിറഞ്ഞു. ജന്മഗൃഹമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്രാ സംഘവും മാര്‍ത്താണ്ഡം, പാറശാല ഭദ്രാസനങ്ങളില്‍ നിന്നുള്ള തെക്കന്‍ പദയാത്രകളും ആദ്യം പട്ടം സന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കല്‍ എത്തി. റാന്നി പെരുന്നാട്ടില്‍ നിന്നുള്ള പ്രധാന പദയാത്രാ സംഘം അഞ്ചുമണിയോടെ കബറില്‍ പ്രവേശിച്ചു. മുന്നില്‍ വഹിച്ചിരുന്ന വള്ളിക്കുരിശില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മാല അണിയിച്ചു സ്വീകരിച്ചു പദയാത്രാ സംഘത്തെ കബറിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് കബറില്‍ പ്രാര്‍ത്ഥന നടന്നു.
കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ആയിരങ്ങള്‍ പങ്കെടുത്ത മെഴുകുതിരി പ്രദക്ഷിണം നടന്നു. ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ കത്തിച്ച തിരികളുമായി തീര്‍ഥാടകര്‍ വാഴ്ക വാഴ്ക മാര്‍ ഈവാനിയോസ് എന്ന പ്രാര്‍ഥനാഗീതം ഏറ്റുചൊല്ലി അണിനിരന്നു. ഏറ്റവും മുന്നിലായി കാതോലിക്കാ ബാവായും കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവയും മറ്റ് മെത്രാപ്പോലീത്താമാരും നടന്നുനീങ്ങി. കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണം ജോണ്‍ പോള്‍ രണ്ടാമന്‍ ഗേറ്റുവഴി കാതോലികേറ്റ് സെന്റര്‍, സെന്റ് മേരിസ് സ്‌കൂള്‍ കോന്പൗണ്ട് വഴി മെയിന്‍ റോഡിലിറങ്ങി കത്തീഡ്രല്‍ പ്രധാന കവാടത്തിലൂടെ കബറില്‍ പ്രവേശിച്ചു. ധൂപപ്രാര്‍ഥനയ്ക്കു ശേഷം പ്രദക്ഷിണത്തിന് സമാപനം കുറിച്ച് അപ്പസ്‌തോലിക ആശിര്‍വാദം നല്‍കി.
