India - 2025
'മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത് ഐക്യത്തിന്റെ ഭക്ഷണം'
സ്വന്തം ലേഖകന്‍ 16-07-2019 - Tuesday
തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത് ഐക്യത്തിന്റെ ഭക്ഷണമാണെന്ന്‍ കോപ്റ്റിക് കത്തോലിക്കാ സഭാ പാത്രിയര്‍ക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ. മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുര്‍ബാനമധ്യേ വചനസന്ദേശം നല്കുകയായിരിന്നു അദ്ദേഹം. ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസെന്നും കൂട്ടിച്ചേര്‍ത്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സമൂഹബലി അര്‍പ്പണം നടന്നത്.
ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ അന്തോണിയോസ്, കോപ്റ്റിക് കത്തോലിക്കാ സഭയിലെ ബിഷപ് തോമസ് എന്നിവരും വികാരി ജനറാള്‍മാര്‍, സുപ്പീരിയര്‍ ജനറല്‍, പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍മാര്‍, കോര്‍ എപ്പിസ്‌കോപ്പമാര്‍, വൈദികര്‍ എന്നിവരും സഹകാര്‍മികരായിരുന്നു. രാവിലെ കത്തീഡ്രല്‍ ഗേറ്റിലെത്തിയ പാത്രിയര്‍ക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി.
