News
പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥിച്ച് അമേരിക്കന്‍ നേതാക്കൾ
സ്വന്തം ലേഖകന്‍ 18-07-2019 - Thursday
വാഷിംഗ്ടണ്‍ ഡിസി: യേശുവിലുള്ള വിശ്വാസത്തെപ്രതി സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ആഗോള ക്രൈസ്തവർക്കായി പ്രാർത്ഥിച്ചുകൊണ്ട് അമേരിക്കന്‍ നേതാക്കൾ. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണില്‍ നടന്ന പ്രാർത്ഥനയിൽ ജനപ്രതിനിധി സഭയിലെ അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും ആര്‍ച്ച് ബിഷപ്പുമാരും വൈദികരും അൽമായ പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കിഴക്കന്‍ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയന്‍ ഓർത്തഡോക്സ്, അർമേനിയൻ പാരമ്പര്യങ്ങൾ എന്നിവയിൽ നിന്നുള്ള സങ്കീർത്തനങ്ങളും പ്രാർത്ഥനകളും ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചത്.
ശക്തമായ ക്രൈസ്തവ പീഡനം നടക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനകളും നടന്നു. ക്രിസ്തീയ വിശ്വാസത്തെപ്രതി പീഡനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നവരുടെയിടയില്‍ മതസ്വാതന്ത്ര്യത്തിന്റെ അംബാസഡർമാരായി നാം മാറേണ്ടതുണ്ടെന്ന് കാലിഫോര്‍ണിയന്‍ പ്രതിനിധി അന്ന ഈശോ പ്രസ്താവിച്ചു. കൂട്ടായ്മക്ക് ശേഷം ക്രിസ്ത്യൻ പീഡനത്തെ ചെറുക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് മെത്രാന്മാർ പ്രത്യേക നന്ദി അറിയിച്ചു.
![](/images/close.png)