News - 2025
വൈദികന്റെ വാക്കുകള്‍ വളച്ചൊടിച്ച് മുഖ്യധാര മാധ്യമങ്ങള്‍: വ്യാജ പ്രചരണം ഒടുവില്‍ പൊളിഞ്ഞു
സ്വന്തം ലേഖകന്‍ 19-07-2019 - Friday
സാവോപോളോ: 'വണ്ണമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗരാജ്യം നിഷേധിച്ച ബ്രസീലി വൈദികനെ തള്ളിയിട്ടു' എന്ന പേരില്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ വന്ന പ്രചരണം പൊളിഞ്ഞു. ബ്രസീലിലെ സാവോപോളോയില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികനാണ് മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന്‍ വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് പി.എച്ച്.എൻ എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുന്നതിടെ ഫാ. മാർസെല്ലോ റോസ്സി എന്ന വൈദികനെ സ്റ്റേജിൽവച്ച് ഒരു സ്ത്രീ തള്ളിയിട്ടത്.
ആയിരങ്ങള്‍ വചനപ്രഘോഷണം ശ്രവിച്ചുകൊണ്ടിരിക്കുമ്പോഴായിരിന്നു ആക്രമണം. അക്രമത്തില്‍ വൈദികന് കാര്യമായ പരിക്കേറ്റിരിന്നില്ല. ഇക്കാര്യം പ്രവാചക ശബ്ദം അടക്കമുള്ള ക്രൈസ്തവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18, റിപ്പോര്‍ട്ടര്‍ ലൈവ്, വനിത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്തയെ വളച്ചൊടിച്ചു അവതരിപ്പിക്കുകയായിരിന്നു. വണ്ണമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയില്ല എന്നു പറഞ്ഞതിന് പിന്നാലെയാണ് സ്ത്രീ വൈദികനേ തള്ളിയിട്ടതെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ബ്രസീലില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. അലക്സ് ഒഴുകയില്‍ വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫാ. മാർസെല്ലോ പറഞ്ഞത്, "ബലഹീനരും പാപികളുമായിട്ടുള്ളവര്‍ ദൈവവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു" എന്നാണ്. ഈ സമയത്താണ് സ്ത്രീയുടെ ആക്രമണം ഉണ്ടായത്. ഇവര്‍ പിന്നീട് മാനസിക രോഗിയാണെന്ന് സ്ഥിരീകരിച്ചു. വൈദികന്‍ സ്ത്രീയോട് ക്ഷമിക്കുകയും പരാതിയില്ലെന്ന് പറയുകയും ചെയ്തതോടെ സ്ത്രീയെ വെറുതെവിട്ടതായും ഫാ. അലക്സ് ഒഴുകയില്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്തയെ വളച്ചൊടിച്ചാണ് മുഖ്യധാര മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സത്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഫാ. അലക്സിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ അതിവേഗം പ്രചരിക്കുകയാണ്.
![](/images/close.png)